സ്വന്തം ലേഖകൻ
കോഴിക്കോട്: വ്യാപാരികളുടെ ദീപാവലിയുടെ നിറം മങ്ങി. കേരളത്തിൽ സ്വർണവ്യാപാരികൾക്കാണ് തിരിച്ചടി നേരിട്ടതെങ്കിൽ ഉത്തരേന്ത്യയിലും മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വസ്ത്ര വ്യാപാരമേഖലയിലും വലിയ വിൽപന ഉണ്ടായില്ല.ജിഎസ്ടിയും അപ്രതീക്ഷിത ഹർത്താലും മൂലം സ്വർണ വ്യപാര മേഖലയിൽ 25 ശതമാനം ഇടിവു സംഭവിച്ചതായി കോഴിക്കോട്ടെ വ്യാപാരികൾ പറയുന്നു.
വലിയ ഓഫറുകളുമായി ജ്വല്ലറികൾ ദീപാവലിയെ വരവേറ്റത്. രണ്ടുലക്ഷം വരെയുളള സ്വർണാഭരണം വാങ്ങുന്നതിന് പാൻ കാർഡ് ആവശ്യമില്ലെന്ന നിർദേശം വന്നതോടെ സ്വർണ വിപണിയിൽ വലിയ പ്രതീക്ഷയാണുണ്ടായിരുന്നത്.എന്നാൽ വിൽപന പ്രതീക്ഷിച്ചപോലെ ഉയർന്നില്ല.
കേരളത്തിൽ പൊതുവേ ദീപാവലി നാളുകളിൽ മറ്റു ഉൽസവ സീസണുകളെ അപേക്ഷിച്ച് വലിയ വിൽപന ഉണ്ടാകാറില്ല. വസ്ത്രവിപണിയിൽ പ്രത്യേകിച്ചും.ഇത്തവണ ദീപാവലി പ്രമാണിച്ച് വലിയ വിൽപന ഒന്നും എവിടെയും നടന്നിട്ടില്ലെന്ന് കോഴിക്കോട് മിഠായിത്തെരുവിലെ വ്യാപാരികൾ പറയുന്നു. ദീപാവലി മിഠായി വിപണിയിലും ഇതുതന്നെയാണ് അവസ്ഥ.
250 മുതൽ 350 രൂപ വരെയാണ് മിഠായി പാക്കറ്റുകളുടെ വില. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 മുതൽ 50 രൂപവരെ വിലവർധനവുണ്ട്. ദിപാവലി ദിവസം കഴിഞ്ഞും വിൽപന ഉണ്ടാകാറുളളതിനാൽ കച്ചവടം എത്രത്തോളം ഉയരുമെന്ന കാര്യം അറിയില്ലെന്ന് വ്യാപാരികൾ പറയുന്നു. പ്രമുഖ ബേക്കറികളിലെല്ലാം ഇന്നലെ രാത്രി നല്ലതിരക്കായിരുന്നു.
അതേസമയം ഹർത്താൽ ദിനത്തിൽ കടകൾ തുറന്നിരുന്നുവെങ്കിൽ കുറച്ചുകൂടി വലിയ വിൽപന ഉണ്ടാകുമായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു. നേരത്തെ അത്തരത്തിലൊരു തീരുമാനം വ്യാപാരിവ്യവസായി എകോപനസമിതിയുടെ നേതൃത്വത്തിൽ എടുത്തിരുന്നുവെങ്കിലും ഒരുവിഭാഗത്തിന്റെ എതിർപ്പിനെതുടർന്ന് അത് ഉപേക്ഷിക്കുകയായിരുന്നു. നവംബർ ഒന്നിന് കടയടപ്പ് സമരം പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഹർത്താൽ ദിനത്തിൽ കടകൾ തുറക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ഇത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും സംഘടനയിൽ തന്നെ അഭിപ്രായമുയർന്നു. എന്തായാലും നോട്ട് നിരോധനവും ജിഎസ്ടിയും അടിക്കടിയുളള ഹർത്താലും വ്യാപാര മേഖലയെ തകർത്തുവെന്ന നിഗമനത്തിലാണ് വ്യാപാരികൾ. അതുകൊണ്ടുതന്നെ ശക്തമായ സമരപരിപാടികൾക്കാണ് വ്യാപാരികൾ തയാറെടുക്കുന്നത്. അതോടൊപ്പം കോഴിക്കോട് മിഠായിത്തെരുവിലെ നവീകരണവുമായി ബന്ധപ്പെട്ടവിഷയങ്ങളും വ്യാപാരികളുടെ സമരത്തിന് കാരണമാകുന്നുണ്ട്. മിഠായിത്തെരുവിലുടെ വാഹനങ്ങൾ കടത്തിവിടുക എന്നതാണ് ഇവരുടെ പ്രധാന ആവശ്യം.
അതിനു തയാറായില്ലെങ്കിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിക്കുമെന്ന നിലപാടാണ് വ്യാപാരികൾക്കുളളത്. വ്യാപാരികളുടെ ആവശ്യത്തിൽ അനുകൂലനിലപാടല്ല ജില്ലാഭരണകൂടത്തിനുളളത്. മേയർ തോട്ടത്തിൽ രവീന്ദ്രനും ഇതുവഴി വാഹനം കടത്തിവിടുന്നതിന് എതിരാണ്. തെരുവിലുടെ വാഹനം കടത്തിവിട്ടാൽ മാത്രമേ തങ്ങൾക്ക് കച്ചവടം ലഭിക്കൂവെന്നാണ് വ്യാപാരികൾ പറയുന്നത്. വാഹനം കടത്തിവിട്ടില്ലെങ്കിൽ നവീകരണത്തിന്റെ ഗുണഫലം തെരുവുകച്ചവടക്കാർക്കായിരിക്കുമെന്നും ഇവർ ആശങ്കപ്പെടുന്നു.