കോഴിക്കോട്: നഗരത്തിലെ വ്യാപാരസിരാകേന്ദ്രമായ കോഴിക്കോട് മിഠായിത്തെരുവിന്റെ സൗന്ദ്യവത്കരണത്തിനും നവീകരണ പ്രവൃത്തികൾക്കുമുള്ള നടപടികൾ തുടങ്ങുന്നു. ബിഎസ്എൻഎൽ, കെഎസ്ഇബി ഉദ്യോഗസ്ഥർ ഇന്ന് രാവിലെ മിഠായിത്തെരുവിൽ എത്തി പ്രാഥമിക നടപടികൾ ചർച്ച ചെയ്തു.
സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഭൂഗർഭ കേബിളുകൾക്കായി കുഴിയെടുക്കേണ്ട സ്ഥലങ്ങളും അനുബന്ധ നടപടികളും വിലയിരുത്തുന്നതിനായാണ് ഉദ്യോഗസ്ഥർഎത്തിയത്. നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് റിപ്പോർട്ട് തയ്യാറാക്കി കോർപറേഷന് കൈമാറും. തുടർന്നായിരിക്കും രൂപരേഖയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി പ്രവൃത്തികൾ ആരംഭിക്കുക.
പഴക്കമേറിയ കെട്ടിടങ്ങളായതിനാൽ നവീകരണ പ്രവൃത്തികൾ സമയമെടുത്ത് ചെയ്യാനാണ് തീരുമാനം. നേരത്തെ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്ത കടകൾക്ക് ഫയർഫോഴ്സ് നോട്ടീസ് നൽകിയിരുന്നു. നവീകരണത്തിനു മുൻപുതന്നെ സുരക്ഷാസാഹചര്യങ്ങൾ ഒരുക്കാനാണ് നിർദേശം.
മിഠായിത്തെരുവിന്റെ പൈതൃകം കാത്തു സൂക്ഷിച്ചുകൊണ്ടുള്ള സൗന്ദര്യവത്കരണമായിരിക്കും നടപ്പിലാക്കുകയെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു. വ്യാപാരികൾക്കും ഇതിനോട് അനുകൂലമായ സമീപനമാണുള്ളത്