ഫ്ലോറിഡ: മയാമി ഫ്ളാകോണ്ടായിൽ കഴിഞ്ഞ വ്യാഴാഴ്ച തകർന്നു വീണ ബഹുനില കെട്ടിടത്തിലെ 302ാം നന്പർ മുറിയിലെ ലാൻഡ് ഫോണിൽ നിന്നും കോൾ വരുന്നതായി കെട്ടിടത്തിൽ താമസിച്ചിരുന്ന ദന്പതിമാരുടെ ചെറുമകൻ സാമുവേൽസണ് വെളിപ്പെടുത്തി.
ഇതുവരെ പതിനാറു ഫോണ്കോളുകൾ ലഭിച്ചിട്ടുണ്ട്.
ചാംപ്ലെയ്ൻ ടവേഴ്സിലെ 302ാം നന്പർ മുറിയിൽ താമസിച്ചിരുന്ന റിട്ടയേർഡ് ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനായിരുന്ന ആർനി (87), ബാങ്കറും റിയൽ എസ്റ്റേറ്റ് ഏജന്റുമായിരുന്ന മിറിയം (81) എന്നീ ദന്പതിമാർ മുറിയിൽ ഉപയോഗിച്ചിരുന്ന ഹോം ഫോണ് നന്പറിൽ നിന്നും ആദ്യമായി വിളി എത്തിയത് കെട്ടിടം തകർന്ന് വീണ വാർത്ത വീട്ടിലിരുന്നു കാണുന്ന സമയത്തായിരുന്നുവെന്നു സാമുവേൽസണ് പറഞ്ഞു. ഉടനെ തിരിച്ചു വിളിച്ചുവെങ്കിലും മറുപടി ലഭിച്ചില്ല.
അടുത്ത ദിവസം പിന്നെയും നിരവധി തവണ ഫോണ് കോൾ വന്നു. വിവരം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും സാമുവേൽസണ് പറഞ്ഞു.
അതേസമയം കെട്ടിടത്തിനുള്ളിൽ അകപ്പെട്ടു പോയവരെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഞായറാഴ്ചയോടെ ഒൻപതു പേരുടെ മൃതദേഹം കണ്ടെടുത്തു.
ശനിയാഴ്ച വരെ തകർന്നു വീണ കെട്ടിടത്തിൽ നിന്നും ഉയർന്നിരുന്ന തീയും, പുകപടലങ്ങളും പൂർണ്ണമായി നീക്കുവാൻ അഗ്നിശമന സേനാംഗങ്ങൾ കഠിന പ്രയത്നം ചെയ്തിരുന്നു.
125 അടി നീളവും, 20 അടി വീതിയും, 40 അടി താഴ്ചയുമുള്ള വലിയൊരു ട്രഞ്ച് ഉണ്ടാക്കി കാണാതായവരെ കണ്ടെത്തുന്നതിനുള്ള ശ്രമം നടത്തിയിരുന്നു.
കാണാതായവരിൽ ഇന്ത്യൻ കുടുംബവും
ഹൂസ്റ്റൺ: യുഎസിലെ മയാമിയിൽ 12 നില കെട്ടിടം തകർന്നു കാണാതായ 150 പേരിൽ ഇന്ത്യയിൽനിന്നുള്ള മൂന്നംഗ കുടുംബവും. വികാസ് പട്ടേൽ,
ഭാര്യ ഭാവന ഇവരുടെ ഒരു വയസുള്ള കുട്ടി എന്നിവരെയാണ് കാണാതായത്. വ്യാഴാഴ്ച ഉണ്ടായ അപകടത്തിൽ ഒന്പതുപേർ മരിച്ചതായി സ്ഥിരീകരിച്ചു. അവശേഷിച്ചവർക്കായി തിരച്ചിൽ തുടരുകയാണ്.
വടക്കൻ മയാമിയിലെ സർഫ്സൈഡ് പട്ടണത്തിൽ കടൽത്തീരത്തുള്ള പന്ത്രണ്ടുനില പാർപ്പിട സമുച്ചയത്തിന്റെ ഒരുവശം വ്യാഴാഴ്ച പുലർച്ചെയാണ് തകർന്നത്.
136 അപ്പാർട്ട്മെന്റുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇതിൽ 55 എണ്ണം തകർന്നു. അപകടമുണ്ടായ ഭാഗത്ത് എത്രപേരുണ്ടായിരുന്നു എന്നതിൽ ഇപ്പോഴും കൃത്യതയില്ല.
റിപ്പോർട്ട്: പി.പി. ചെറിയാൻ