അടിമാലി: ഏറ്റുമാനൂർ കോതനല്ലൂരിൽ കാൽവഴുതി കിണറ്റിൽവീണ് മരിച്ച നാലുവയസുകാരി മിയയ്ക്ക് സ്വദേശമായ കന്പിളികണ്ടത്ത് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.
ഇന്നലെ രാവിലെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ പൊതുദർശനത്തിനു വച്ചശേഷം ഉച്ചയോടെയാണ് മിയയുടെ മൃതദേഹം കന്പിളികണ്ടം തെള്ളിത്തോട്ടെ കുടുംബവീട്ടിൽ എത്തിച്ചത്.
സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ ശുശ്രൂഷകൾക്കുശേഷം മിയയുടെ മൃതദേഹം സംസ്കരിച്ചു. വിദേശത്തുനിന്നും എത്തിയ അമ്മയെ കാണാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ ഞായറാഴ്ചയായിരുന്നു മിയയുടെ ആകസ്മിക വേർപാട്.
കന്പിളികണ്ടം നന്ദിക്കുന്നേൽ ജോമി ജോസിന്റെയും ജിഷയുടെയും മകളാണ് മിയ മേരി ജോമി. മിയയും പിതാവിന്റെ മാതാപിതാക്കൾ താമസിച്ചിരുന്ന ഏറ്റുമാനൂർ കോതനല്ലൂരിലാണ് അപകടമുണ്ടായത്.
ഇവിടെയുള്ള ഇവരുടെ അയൽവീടിനു സമീപത്തെ കിണറ്റിൽ മിയാമോൾ കാൽവഴുതി വീഴുകയായിരുന്നു. കുട്ടിയെ മാതാപിതാക്കൾ ജോലിചെയ്യുന്ന അയർലൻഡിലേക്ക് കൂട്ടിക്കൊണ്ടുപോകാനാണ് അമ്മ ജിഷ വിദേശത്തുനിന്നും എത്തിയത്.
മൂവാറ്റുപുഴയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ജിഷ. ക്വാറന്റൈൻ കാലാവധികഴിഞ്ഞ് കൂട്ടിക്കൊണ്ടുപോകാൻ അമ്മയെത്തുന്നതിനു തൊട്ടുമുന്‍പേ വിധി മിയയെ തട്ടിയെടുക്കുകയായിരുന്നു.
ആറുമാസത്തോളം നാട്ടിലുണ്ടായിരുന്ന മിയയുടെ പിതാവ് ജോമി രണ്ടുമാസം മുന്‍പാണ് വിദേശത്തേക്കു പോയത്. മകളെ അവസാനമായി ഒരുനോക്കു കാണാൻ ഇന്നലെ ജോമിയും മിയയുടെ സഹോദരൻ ഡോണ്‍ ജോമിയും അയർലൻഡിൽനിന്നും എത്തിയിരുന്നു.
മാതാപിതാക്കളും സഹോദരനും കാരിത്താസ് ആശുപത്രിയിലെത്തിയാണ് മിയയെ കണ്ടത്. തെള്ളിത്തോട്ടിലെ വീട്ടിലും എത്തി മാതാപിതാക്കളും സഹോദരനും മിയയ്ക്ക് അന്ത്യചുംബനം നൽകി യാത്രയാക്കി.