ഫ്ളോറിഡ: സെപ്റ്റംബർ 24 മുതൽ കാണാതായ കോളജ് വിദ്യാർഥിനി മിയാ മാർകാനയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ശനിയാഴ്ച ഓറഞ്ച് കൗണ്ടിയിലെ അപ്പാർട്ട്മെന്റിനു സമീപം കണ്ടെത്തിയതായി ഷെറിഫ് ജോണ് മൈന അറിയിച്ചു.
വൃക്ഷനിബിഢമായ പ്രദേശത്തു നിന്നും കണ്ടെത്തിയ മൃതദേഹത്തിനു സമീപത്തു നിന്നും ഇവരുടെ വാലറ്റ് കണ്ടെടുത്തിട്ടുണ്ട്.
ഒർലാന്േറാ ആർഡൻ വില്ലാസ് അപ്പാർട്ട്മെന്റ് കോംപ്ലക്സിലാണ് സെപ്റ്റംബർ 24ന് മിയയെ അവസാനമായി കാണുന്നത്.
അതിനുശേഷം ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരികയായിരുന്നു. വലൻഷ്യ കോളജ് വിദ്യാർഥിനിയായ മിയ (19) കാണാതായ ദിവസം ഒർലാന്േറായിൽ നിന്നും ഫോർട്ട് ലോവർ ഡെയ്ലിലേക്കു വിമാനത്തിൽ വരേണ്ടതായിരുന്നു.
പ്രതിയെന്നു സംശയിക്കുന്ന മിയയുടെ അപ്പാർട്ട്മെന്റ് മെയിന്റനൻസ് ജീവനക്കാരനായ അർമാൻഡാ മാന്വൽ മാസ്റ്റർ കീ ഉപയോഗിച്ച് മിയ താമസിച്ചിരുന്ന അപ്പാർട്മെന്റിലേക്ക് പ്രവേശിച്ചതായി കാമറയിൽ കണ്ടെത്തിയിരുന്നു.
പിന്നീട് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മിയയുടെ താമസ സ്ഥലത്തു നിന്നും 20 മിനിട്ട് ദൂരം മാത്രമുള്ള അപ്പാർട്ട്മെന്റിനു സമീപത്തു നിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്.
അർമാഡോയ്ക്ക് മിയയോട് അടുപ്പം തോന്നിയിരുന്നുവെങ്കിലും അവൾക്ക് അതിൽ താൽപര്യം ഇല്ലായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.
മൃതദേഹം കണ്ടെത്തിയത് കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ട്. കൊറോണ റിപ്പോർട്ടിനു ശേഷം മാത്രമേ മൃതദേഹം മിയയുടേത് തന്നെയെന്ന് ഔദ്യോഗികമായി തീരുമാനിക്കാനാവൂ.
പി.പി. ചെറിയാൻ