കുരുന്നുകളുടെ ജീവനെടുക്കാൻ പാകത്തിൽ പൈശാചിക മനസുമായി ജീവിച്ച പലരും ലോക ചരിത്രങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. ഇവർക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെ പ്രവർത്തിക്കാൻ കഴിയുക എന്നതു പലപ്പോഴും സമാന്യജനത്തെ സംബന്ധിച്ച് അന്പരപ്പ് ഉളവാക്കുന്ന കാര്യമാണ്.
തെറ്റുകളിൽനിന്നു തെറ്റുകളിലേക്കു വീഴാൻ പാകപ്പെടുത്തിയ മനസുമായി ജീവിക്കുന്നവർക്കു ചെയ്യുന്നതൊന്നും തെറ്റായി തോന്നാതെ വരുന്ന നിമിഷങ്ങളിലാണ് ഇത്തരം ക്രൂരതകളിലേക്ക് അവർ തിരിയുന്നത്. ജപ്പാനിലുമുണ്ട് ഇത്തരമൊരു ക്രൂരതയുടെ കറുത്ത ചരിത്രം.
പൈശാചിക മനസ്
മിയുകി ഇഷികാവ എന്ന മിഡ്വൈഫ് ആണ് ഈ പൈശാചിക മനസിനുടമ. ജോലിക്കിടയിൽ തന്നെ കുഞ്ഞുങ്ങളെ കശാപ്പ് നടത്തിയാണ് ഇവർ കുപ്രസിദ്ധയായി മാറിയത്.
എത്ര കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയെന്നത് ഇനിയും ഉത്തരമില്ലാത്ത ചോദ്യമാണ്. അവർക്കു തന്നെയും അത് ഉറപ്പില്ല. വർഷങ്ങൾ നീണ്ട അന്വേഷണങ്ങളിലും തെരച്ചിലിലും 103 കുഞ്ഞുങ്ങളെ വരെ കൊലപ്പെടുത്തിയതായിട്ടാണ് തെളിഞ്ഞിട്ടുള്ളത്. എന്നാൽ, കണക്കുകൾ അവിടെ നിൽക്കില്ലെന്നാണ് ഉദ്യോഗസ്ഥർ തന്നെ വിലയിരുത്തിയത്.
1897ൽ ജനിച്ച ഈ സീരിയൽ കില്ലർ 1952ലാണ് മരിച്ചത്. ജാപ്പനീസ് ക്രിമിനൽ ചരിത്രത്തിൽ ഏറ്റവും മോശമായ അധ്യായങ്ങളിലൊന്നാണ് മിയുകിയുടേത്. 1940കളിൽ ഉടനീളം കൂട്ടാളികളുടെ സഹായത്തോടെ നിരവധി ശിശുക്കളെ കൊലപ്പെടുത്തിയതായാണ് പുറത്തുവന്ന വിവരം.
മിഡ്വൈഫ് ആയി തുടക്കം
മിയുക്കിയുടെ ആദ്യകാല ജീവിതം പലർക്കും അജ്ഞാതമാണ്. അധികം ആരുടെയും ശ്രദ്ധയിലൊന്നും പെടാതെ ജീവിച്ച ഒരു സാധാരണക്കാരി. 1897ൽ തെക്കൻ ജാപ്പനീസ് പട്ടണമായ കുനിറ്റോമിയിലാണ് ജനനം. ടോക്കിയോ സർവകലാശാലയിൽ പഠിച്ചു ബിരുദം നേടി. പിന്നീടു തകേഷി ഇഷികാവയെ വിവാഹം കഴിച്ചു.
കരിയർ തുടങ്ങുന്നതു മിഡ് വൈഫ് ആയിട്ടാണ്. ഈ മേഖലയിൽ പ്രത്യേക നൈപുണ്യം മിയുകിക്കുണ്ടായിരുന്നു. ഈ നൈപുണ്യവും സാമർഥ്യവുമൊക്കെ പിന്നീടു ജോലി ചെയ്തുവന്ന മെറ്റേണിറ്റി ഹോസ്പിറ്റലിന്റെ ഡയറക്ടറാവൻ അവൾക്കു തുണയായി.
ജപ്പാനിൽ ഗർഭമലസിപ്പിക്കൽ നിയമവിരുദ്ധമായ പ്രവൃത്തിയായിരുന്ന കാലത്തായിരുന്നു മിയുകിയുടെ കൊടുംക്രൂരതകൾ ആശുപത്രിയുടെ മറവിൽ നടന്നത്. പണം സന്പാദിക്കാനുള്ള വലിയൊരു സാധ്യത ഈ മേഖലയിൽ ഉള്ളതായി ഇവൾ മനസിലാക്കി.
അവിഹിതമായി ഗർഭം ധരിക്കുന്നവരെ ലക്ഷ്യമിട്ടായിരുന്നു മിയുകിയുടെ പ്രവർത്തനം. ഗർഭഛിദ്രം സാധ്യമല്ലാതായി മാറിയതോടെ, തന്റെ ആശുപത്രിയെ ഇത്തരക്കാരുടെ വലിയ അഭയസ്ഥാനമാക്കി അവൾ മാറ്റി.
ഇരു ചെവിയറിയാതെ പ്രസവവും മറ്റു കാര്യങ്ങളും നിർവഹിക്കാൻ അവർ സാഹചര്യമുണ്ടാക്കി. കുഞ്ഞിനെയോർത്തും പിന്നീട് ആശങ്കപ്പെടേണ്ട എന്നതായിരുന്നു ഇങ്ങനെയെത്തുന്നവർക്കുള്ള മിയുകിയുടെ ഉറപ്പ്.
ആരെയും ഗൗനിക്കാതെ!
ഗർഭമലസിപ്പിക്കൽ ക്രിമിനൽ കുറ്റമായതിനാൽ അവിഹിതമായി ഗർഭംധരിച്ച പലരും പ്രസവത്തിനായി ഈ ആശുപത്രിയെ സമീപിച്ചു. രഹസ്യ സ്വഭാവത്തോടെയായിരുന്നു ഇവിടെ കാര്യങ്ങൾ നടത്തിയിരുന്നത്.
എന്നാൽ, ഇതിന്റെ മറവിൽ നടന്നിരുന്നതു കൊടും ക്രൂരതയായിരുന്നു. ജനിച്ചയുടൻ ശിശുക്കളെ കൊന്നുകളയുകയായിരുന്നു ഇത്തരക്കാരെ സഹായിക്കാൻ മിയുകി കണ്ടെത്തിയ മാർഗം. കുഞ്ഞുങ്ങളെ വളർത്താൻ സാന്പത്തികശേഷി ഇല്ലാത്തവരുടെ കുഞ്ഞുങ്ങളെയും ഇവൾ ഇത്തരത്തിൽ കൊലപ്പെടുത്തിയിട്ടുണ്ട്.
അവിഹിത ഗർഭം പേറി കുഞ്ഞുങ്ങൾക്കു ജന്മം നൽകുന്പോൾ അവളുടെ മാതാപിതാക്കൾ അനുഭവിക്കേണ്ടി വരുന്ന സാമൂഹിക പ്രത്യാഘാതങ്ങളും മറ്റും കണക്കിലെടുത്തു ജനനത്തോടെ തന്നെ തങ്ങളുടെ കുഞ്ഞുങ്ങൾ ഒഴിവായി കിട്ടാൻ ചിലരും ആഗ്രഹിച്ചിരുന്നു.
ഇത്തരം ആഗ്രഹമുള്ളവരുടെ ആഗ്രഹം “ഭംഗിയായി’ നിറവേറ്റുകയാണ് മിയുകി ചെയ്തിരുന്നത്.
(തുടരും).