കൊച്ചി: പാർട്ടി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള മിസോറാം ഗവർണറായി നിയമിതനായതോടെ അടുത്ത അധ്യക്ഷനാര് എന്ന ചോദ്യം ബിജെപിയിൽ ഉയർന്നു കഴിഞ്ഞു. പാർട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനാണ് മുൻതൂക്കം കൽപ്പിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പുകളിലെ ഭേദപ്പെട്ട പ്രകടനവും ജനപിന്തുണയും മറ്റും കണക്കിലെടുത്ത് സുരേന്ദ്രനെ അധ്യക്ഷ പദത്തിലേക്ക് കൊണ്ടുവന്നേക്കുമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്കുന്ന സൂചന.
കുമ്മനത്തെ ഗവർണറാക്കിയ സമയത്ത് അധ്യക്ഷ സ്ഥാനത്തേക്ക് സുരേന്ദ്രന്റെ പേര് ഉയർന്നു വന്നെങ്കിലും നറുക്ക് ശ്രീധരൻപിള്ളയ്ക്ക് വീഴുകയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ വലിയ വെല്ലുവിളികളായിരുന്നു പിള്ളയ്ക്ക് നേരിടേണ്ടി വന്നത്. പക്ഷേ, ശബരിമലയടക്കമുള്ള വിഷയങ്ങള്‍ കത്തിക്കാളിയിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പുകളിലും ഒരു സീറ്റുപോലും നേടാന്‍ സാധിക്കാതിരുന്നത് പിള്ളക്കെതിരെ മുറവിളി ഉയരുന്നതിന് കാരണമായി.
ഇതിനു പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തെ മിസോറം ഗവർണറായി നിയമിക്കുന്നത്. നേരത്തെ, 2018 മേയിലായിരുന്നു കുമ്മനത്തെ മിസോറം ഗവര്‍ണറായി നിയമിച്ചത്. 2015ല്‍ സംസ്ഥാന അധ്യക്ഷനായി നിയമിതനായ കുമ്മനത്തെ, ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഗവർണറായി നിയമിച്ചത്. ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടുമാസത്തോളം ഒഴിഞ്ഞുകിടന്ന സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് 2018 ജൂലൈയിലാണ് ശ്രീധരന്‍പിള്ള എത്തിയത്.