പ്രളയം പോലെ എലികൾ നമ്മുടെ കൃഷിയിടങ്ങളിലേക്ക് ഇരന്പിവരിക, പോരുംവഴിയിൽ കണ്ണിൽ കണ്ടതെല്ലാം ആർത്തിയോടെ വിഴുങ്ങുക. വിളകളെല്ലാം നശിപ്പിച്ചു നാമാവശേഷമാക്കുക….നമ്മുടെ ദുഃസ്വപ്നങ്ങളിൽപോലും ഇതൊന്നും വരാനിടയില്ല. ഒരു പക്ഷേ, ഹോളിവുഡ് സിനിമയിലെ കാഴ്ചകളെന്നു തോന്നാമെങ്കിലും വാസ്തവം അതല്ല. സംഗതി പകൽ പോലെ സത്യമാണ്.
ബംഗ്ലാദേശ്, മ്യാൻമർ അതിർത്തികൾക്കു ചാരെ മിസോറമിലാണ് മനുഷ്യവാസപ്രദേശങ്ങളിൽ എലികളുടെ വിളയാട്ടം സംഭവിക്കുന്നത്. 48 വർഷം കൂടുന്പോൾ ഇതു സംഭവിച്ചുകൊണ്ടിരിക്കുന്നു.
കൊയ്ത്തിനു കാത്തുകിടന്നിരുന്ന നെൽപ്പാടങ്ങളിൽ തരിന്പുപോലും കതിർമണികൾ ബാക്കിവയ്ക്കാതെ എലിപ്പട വിളവെടുത്തു മദിക്കുന്ന വിചിത്രമായ അനുഭവം. കളപ്പുരകളിൽ സുരക്ഷിതമാക്കാത്ത ധാന്യങ്ങളും കിഴങ്ങുകളും അവ ഭക്ഷണമാക്കിയ കഥ ഇനി വേറെ പറയേണ്ടതില്ലല്ലോ.
നൂറ്റാണ്ടിൽ രണ്ടു തവണ ഇതു സംഭവിക്കുന്നു. മിസോറമിൽ നടക്കുന്ന ഈ അദ്ഭുതപ്രതിഭാസം പക്ഷേ, ആദ്യം വിശ്വസിക്കാൻ പുറംലോകം തയാറായില്ല. കെട്ടുകഥയെന്നോ ചില ദേശങ്ങൾക്കു മാത്രം സ്വന്തമായ നാടോടിക്കഥയെന്നോ ഒക്കെ ശാസ്ത്രലോകം ഇതിനെ പുച്ഛിച്ചുതള്ളി.
2008ൽ ശാസ്ത്രകാരന്മാർ അതു നേരിട്ടറിയും വരെ മാത്രമായിരുന്നു അത്തരം വിചാരങ്ങളുടെ ആയുസ്! ഇതു നേരിട്ടു കാണാൻ അവസരം വന്നതോടെ അവർക്കും അദ്ഭുതമായി, ശാസ്ത്രജ്ഞർ അന്വേഷണവും ഗവേഷണവും തുടങ്ങി.
എന്തൊരു തീറ്റ!
കഴിഞ്ഞ തവണ എലിപ്പട എത്തിയപ്പോൾ 40,000 ടൺ ധാന്യവസ്തുക്കളാണ് മിസോറമിനു നഷ്മായത്. ആകെ ഉത്പാദനത്തിന്റെ 88 ശതമാനവും എലികൾ തിന്നു തീർത്തു. എഴുപതു ശതമാനത്തോളം കർഷക കുടുംബങ്ങളെയാണ് ഇതു പട്ടിണിയിലാക്കിയത്. എലിപ്പടയെ ഒതുക്കാൻ എലിയെ കൊല്ലുന്നവർക്കു സർക്കാർ പ്രതിഫലം നൽകി.
ഒരു എലിയെ കൊല്ലുന്നതിനു രണ്ടു രൂപ നിരക്കിലാണ് നൽകിയത്. എലിയെ കൊന്ന ശേഷം വാൽ മുറിച്ചെടുത്തു ഹാജരാക്കിയാൽ മതിയാകും. ഇങ്ങനെ ആയിരക്കണക്കിന് എലികളെയാണ് നാട്ടുകാർ കൊന്നൊടുക്കിയത്.
നാഷണൽ ജിയോഗ്രാഫിക് ചാനലിന്റെ നേതൃത്വത്തിൽ ഒാസ്ട്രേലിയൻ റാറ്റ് ബയോളജിസ്റ്റ് കെൻ ആപ്ലിനും സംഘവും കഴിഞ്ഞ എലിപ്പട വരവിനു മുന്നോടിയായി മിസോറമിലെത്തി. ഈ അദ്ഭുതപ്രതിഭാസത്തിന്റെ ചുരുളഴിക്കാൻ ശ്രമിച്ചു.
ഇവരുടെ അന്വേഷണവും ഗവേഷണവുമാണ് ഈ ദുരൂഹതയുടെ ചുരുളഴിച്ചത്. മുളങ്കാട് ആണത്രേ ഈ എലിപ്പടയുടെ ആക്രമണത്തിനു കാരണം. 48 വർഷവും ഈ പ്രതിഭാസവും തമ്മിലുള്ള ബന്ധവും ശാസ്ത്രജ്ഞർ കണ്ടെത്തി.
രഹസ്യം
ഇനി കാര്യത്തിലേക്കു വരാം. മിസോറമിന്റെ ഏറിയ പങ്കും വനമാണ്. ഇടതിങ്ങി തമ്മിലുരസി ഉന്മാദമാർന്നു പടരുന്ന മുളങ്കാടുകൾ അവിടെയുണ്ട്. 25,899 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ പടർന്നു കിടക്കുന്ന മുളങ്കാടുകൾ.
മിസോറമിലെ സാധാരണ ജനത ആഹാരത്തിനും പാർപ്പിടനിർമാണ സാമഗ്രികൾക്കും വസ്ത്രങ്ങൾക്കുമൊക്കെ പ്രയോജനപ്പെടുത്തുന്ന മുളവിഭവങ്ങളുടെ വിളഭൂമി. 48 വർഷം കൂടുന്പോൾ മുളകൾ പൂവിട്ടു. അവയിൽ കായ്കൾ നിറയും. മുള പൂവിട്ടാൽ സാധാരണ സംഭവിക്കുന്നതു തന്നെ അവിടെയും സംഭവിക്കും.
അവ കൂട്ടത്തോടെ വേരറ്റുവീഴും. മുളങ്കാട് ഒന്നാകെ കരിഞ്ഞുണങ്ങി നിലംപൊത്തും. പുതുമുളനാന്പുകളുയരാൻ ഭൂമി കാത്തുകിടന്നു. അതോടൊപ്പം മറ്റൊന്നുകൂടി അവിടെ സംഭവിച്ചു. മുളകളിലെ കായ്കൾ ഒന്നാകെ പൊഴിഞ്ഞു നിലത്തുവീണു. കൂട്ടത്തോടെയെത്തിയ എലികൾ അതൊക്കെ ആഹാരമാക്കി. തിന്നുമദിച്ച് പെറ്റുപെരുകി എലികൾ മുളങ്കാടുകൾ നിറഞ്ഞു.
പെരുകൽ
ആറു മാസങ്ങൾക്കകം ഒരു പെണ്ണെലി 200 കുഞ്ഞുങ്ങൾക്കു ജന്മം നല്കാറുണ്ട്. അവയൊരോന്നും അഞ്ചാറ് ആഴ്ചകൾക്കപ്പുറം അടുത്ത തലമുറയ്ക്കു ജന്മം നല്കാനുള്ള വളർച്ചയിലെത്തുന്നു. പെറ്റു പെരുകിയ എലികൾ കാടാകെ നിറഞ്ഞു.
അതിനോടകം മുളങ്കാടുകളിലെ കായ്കൾ അവ തിന്നുതീർത്തിരുന്നു. ഇതിനിടെ പൂവിട്ടു കഴിയുന്ന മുളങ്കാടുകൾ കരിഞ്ഞുണങ്ങി നശിക്കും. ഇതോടെ ഭക്ഷണമില്ലാതെ പട്ടിണിമൂത്ത് എലിപ്പട മുളങ്കാടുകളോടു ചേർന്ന ഗ്രാമങ്ങളും കൃഷിഭൂമികളും ജനവാസ പ്രദേശങ്ങളുമെല്ലാം കൈയേറും.
കടന്നുകയറ്റത്തിന്റെ ലഹരിയിൽ മനുഷ്യവിയർപ്പിലുയിരാർന്ന കൃഷികളൊക്കെയും ലക്ഷക്കണക്കിന് എലികൾ ആഹാരമാക്കും. കൃഷിയിടങ്ങൾ നശിപ്പിച്ചു. പനികൾ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളും പെരുകും.
കൃഷിനാശം മൂലമുള്ള പട്ടിണിക്കും തുടർന്നു ഭരണകൂടത്തിനെതിരേ ജനരോഷങ്ങൾക്കുമൊക്കെയാണ് ഇത്തരം എലിവിളയാട്ടങ്ങൾ വഴിവച്ചതെന്ന് മിസോറമിന്റെ ചരിത്രം വിളിച്ചുപറയുന്നു.