തിരുവനന്തപുരം: ദീപിക തിരുവനന്തപുരം യൂണിറ്റ് റിപ്പോര്‍ട്ടര്‍ എം.ജെ. ശ്രീജിത്ത് (36) അന്തരിച്ചു. രോഗബാധിതനായതിനെത്തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു.
ഇന്നലെ ഉച്ചയോടെ സഹോദരിയുടെ വെള്ളനാട്ടുള്ള വസതിയിലായിരുന്നു അന്ത്യം. മൃതദേഹം മീനാങ്കലിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
ഒരു വ്യാഴവട്ടക്കാലത്തിലേറെയായി തലസ്ഥാനത്തിന്റെ വാര്‍ത്താ സ്പന്ദനങ്ങളിലേക്ക് കണ്ണും കാതും കൂര്‍പ്പിച്ചുവച്ച കര്‍മോത്സുകനായ മാധ്യമപ്രവര്‍ത്തകനായിരുന്നു ശ്രീജിത്ത്.
മൂന്നു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നിട്ടും വാര്‍ത്തയുടെ ലോകത്ത് ശ്രീജിത്ത് സജീവമായിരുന്നു.
ചികിത്സയുമായി ബന്ധപ്പെട്ടു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച വിശ്രമകാലത്ത് വീട്ടിലിരുന്നും വാര്‍ത്തകളുടെ പിന്നാലെ അത്യുത്സാഹിയായി അലഞ്ഞു.
പലപ്പോഴും കേരളം കാത്തിരുന്ന രാഷ്ട്രീയ പ്രതികരണങ്ങള്‍ ഏറ്റവും ആദ്യം വായനക്കാര്‍ക്കു മുന്നിലെത്തിക്കാന്‍ ശ്രീജിത്തിനു കഴിഞ്ഞു.
ശ്രീജിത്തിന്റെ രാഷ്ട്രീയ റിപ്പോര്‍ട്ടുകളും പോലീസ് സ്റ്റോറികളും വായനക്കാരുടെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.
സമീപകാലത്ത് രാഷ്ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്ത വിവാദമായ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എം.ജെ ശ്രീജിത്ത് എന്ന ബൈലൈനില്‍ അച്ചടിച്ചു വന്ന റിപ്പോർട്ടുകളിൽ വായനക്കാര്‍ കാത്തിരുന്ന ഒട്ടേറെ വിശദാംശങ്ങളുണ്ടായിരുന്നു.
രോഗം പിടിമുറുക്കിയിട്ടും രണ്ടു മാസം മുന്‍പു വരെ ശ്രീജിത്ത് വാര്‍ത്തകളുടെ ലോകത്ത് സജീവമായിരുന്നു.
മീനാങ്കല്‍ പാറമുക്ക് നിഷാ കോട്ടേജില്‍ പരേതരായ മോഹനകുമാറിന്റെയും ജയകുമാരിയുടേയും മകനാണ്. ഭാര്യ: അഖില. ഏകമകള്‍: ഋതിക. സഹോദരങ്ങള്‍: നിഷ, ശ്രുതി.
ശ്രീജിത്തിന്റെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എം.ബി രാജേഷ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, കെ. രാജന്, റോഷി അഗസ്റ്റിന്, ജി.ആര്. അനില്‍, പി. പ്രസാദ്, വി.ശിവൻകുട്ടി, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, കേരള കോണ്‍ഗ്രസ് -എം ചെയര്മാന് ജോസ് കെ. മാണി, ജനതാദള്‍- എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എംഎൽഎ, കേരള കോണ്‍ഗ്രസ് -ജേക്കബ് ചെയർമാൻ അനൂപ് ജേക്കബ് എംഎൽഎ, യുഡിഎഫ് സെക്രട്ടറിയും കേരള കോണ്‍ഗ്രസ് ഡപ്യൂട്ടി ചെയര്‍മാനുമായ ജോണി നെല്ലൂര്‍ എന്നിവരും അനുശോചനമറിയിച്ചു.