രണ്ടു ബെഞ്ചുകൾ ചേർത്തിട്ട് അതിൽ പത്തുവയസുകാരിയെ കിടത്തിയിരിക്കുന്നു. കന്പിളിക്കുള്ളിൽ പുതച്ചു കിടത്തിയിരിക്കുന്നതിന്റെ സമീപത്തായി അച്ഛനും അമ്മയും. പനിയോ മറ്റോ ആണോയെന്നു തിരക്കിയപ്പോൾ കുട്ടിയുടെ പിതാവ് പുതപ്പിച്ചിരുന്ന കന്പിളി എടുത്തു മാറ്റി. രണ്ടു കാലും പ്ലാസ്റ്റർ ഇട്ടിരിക്കുന്നു. രണ്ട് ഇടുപ്പിലും ശസ്ത്രക്രിയ കഴിഞ്ഞതിന്റെ ഉണങ്ങാത്ത പാടുകൾ.
എറണാകുളം കച്ചേരിപ്പടി സെന്റ് ആൽബർട്സ് കോളജിലെ ദുരിതാശ്വാസ ക്യാന്പിൽനിന്നാണ് ഈ ദയനീയ ദൃശ്യം. കടമക്കുടി കോതാട് വടകോടൻ മുരളീധരന്റെയും സുനിതയുടെയും മകൾ ആരതിക്കു രണ്ടു കാലിലുമായി അഞ്ച് ശസ്ത്രക്രിയകൾ കഴിഞ്ഞിട്ട് ആഴ്ചകൾ കഴിഞ്ഞതേയുളളു. മുറിവ് ഉണങ്ങിത്തുടങ്ങിയിട്ടില്ല. ഒന്നനങ്ങുകയോ മറ്റോ ചെയ്താൽ വേദനകൊണ്ടു പുളയുകയാണ്.
മോളുടെ ഈ കഷ്ടപ്പാട് സഹിക്കാൻ പറ്റുന്നില്ലെന്നു പറഞ്ഞ് അമ്മ സുനിത വിതുന്പി. ഒരു പത്തു വയസുകാരിക്കു താങ്ങാവുന്നതിലും അപ്പുറമാണ് ആരതിയുടെ വേദന. സെറിബ്രൽ പാൾസി രോഗബാധിതയായ ആരതിക്കു ചെറുപ്പം മുതൽ നടക്കാൻ കഴിയാത്ത അവസ്ഥയാണ്.
കാലിലെ അസ്ഥികൾക്കു ബലമില്ല. നിലത്തു കുത്തിയാൽ കാലുകൾ വളഞ്ഞുപോകും. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ആരതിയെ എടുത്തുകൊണ്ടാണു സ്കൂളിലേക്കും മറ്റും കൊണ്ടുപോകുന്നത്.
പ്രാഥമിക ആവശ്യങ്ങൾപോലും കുട്ടിക്കു പറയാൻ കഴിയില്ല. മലമൂത്ര വിസർജനമൊക്കെ പലപ്പോഴും കഴിഞ്ഞിട്ടാകും അറിയുക. കാലിന്റെ പ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാനാണ് ഈ മാസം രണ്ടിനു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത്. രണ്ടു കാൽപ്പാദത്തിലും ഇടത് കാലിന്റെ മുട്ടിലും ഇടുപ്പിന്റെ രണ്ടുവശത്തുമായിട്ടാണ് അഞ്ചു ശസ്ത്രക്രിയകൾ.
ഇനി വലതുകാലിന്റെ മുട്ടിലും ശസ്ത്രക്രിയ വേണം. എല്ലാംകൂടി താങ്ങാൻ ഈ കുരുന്നിനു കഴിയാത്തതിനാലാണ് അതു പിന്നീടാക്കിയത്. വീട്ടിൽ വിശ്രമത്തിലിരിക്കെയാണു തീരാ ദുരിതം പ്രളയരൂപത്തിലുമെത്തിയത്.
രണ്ടു ദിവസം കോതാട് സേക്രഡ് ഹാർട്ട് പള്ളി പാരിഷ് ഹാളിലെ ക്യാന്പിൽ ആയിരുന്നു. അവിടെയും വെള്ളം ഉയർന്നതോടെ കൊച്ചിയിലെ സെന്റ് ആൽബർട്സ് കോളജിലെ ക്യാന്പിലേക്ക് വ്യാഴാഴ്ച രാത്രിയോടെ മാറി. മുറിവുകൾ ഉണങ്ങാത്തതിനാൽ അണുബാധ ഉണ്ടാകുമോയെന്ന പേടിയുമുണ്ട്.
കോതാടുനിന്നു സെന്റ് ആൽബർട്സ് കോളജിലേക്കു മാറ്റിയപ്പോൾ അരയൊപ്പം വെള്ളത്തിലൂടെ എല്ലാവരും ചേർന്ന് എടുത്താണ് വാഹനത്തിൽ കയറ്റിയത്. ക്യാന്പിൽ സുരഷിതരാണെങ്കിലും ആരതിയുടെ അവസ്ഥയാണ് കുടുംബത്തെ പ്രളയത്തേക്കാൾ വിഷമത്തിലാക്കുന്നത്.
ഇവർക്ക് അറിയാവുന്നവരെയെല്ലാം ബന്ധപ്പെട്ടെങ്കിലും കുട്ടിക്കു മുറിവിൽ മരുന്നു വയ്ക്കുന്നതടക്കമുള്ള സേവനം ലഭിക്കുന്നില്ലെന്ന് അച്ഛൻ മുരളീധരൻ പറയുന്നു.
മുറിവ് വൃത്തിയാക്കിയിട്ട് ഒരാഴ്ചയായി. ക്യാന്പിൽ അത്യാവശ്യ മരുന്നുകളും മെഡിക്കൽ സേവനവും ഉണ്ടെങ്കിലും ആരതിക്ക് ഇതു പര്യാപ്തമല്ല. ആശുപത്രിയിൽ കുട്ടിയ പ്രവേശിപ്പിക്കാൻ ഈ നിർധനകുടുംബത്തിനു ശേഷിയുമില്ല.
പത്തിലും പന്ത്രണ്ടിലുമായി പഠിക്കുന്ന രണ്ടു മക്കൾ കൂടി മുരളീധരനുണ്ട്. കൂലിപ്പണിക്കാരനായ മുരളീധരന്റെ വരുമാനമാണു കുടുംബത്തിന്റെ ഏക അത്താണി. പെരിയാർ കവിഞ്ഞതിനേത്തുടർന്ന് വീട് വെള്ളത്തിലായതിനാലാണ് ഇവർ ക്യാന്പിൽ അഭയം തേടിയത്.