‘എല്ലാവരോടും വിടപറയാനാണ് ഞാൻ ഇവിടെ എത്തിയിരിക്കുന്നത്. ഞാൻ ഉടനെ കൊല്ലപ്പെടും. അവർ ലൊക്കേഷൻ അയയ്ക്കുന്നതിനാൽ എന്റെ മൃതദേഹം കണ്ടെത്താനാകും.
‘- ഇത് ഒരു ക്രൈംത്രില്ലർ സിനിമ ഡയലോഗാണെന്നു വിചാരിച്ചവർക്കു തെറ്റി. ക്രിസ്റ്റിൻ കാർവാലോ ഗുയിമറസ് എന്ന കൗമാരക്കാരി തന്റെ മരണത്തിനു തൊട്ടുമുന്പ് ഫേസ്ബുക്കിൽ കുറിച്ച വരികളാണ്.
അതു സംഭവിച്ചു
ആരെയും ഞെട്ടിക്കുന്ന ക്രൂരമായ കൊലപാതകത്തിനാണ് പിറ്റേന്നു ബ്രസീലിലെ ആമസോണിലെ ഇറ്റാപിരംഗ സാക്ഷ്യം വഹിച്ചത്.
അവൾ പ്രവചിച്ചതു പോലെ തന്നെ കാര്യങ്ങൾ സംഭവിച്ചു. പിറ്റേന്നു ലഭിച്ച ലൊക്കേഷനിൽനിന്നു പോലീസ് കണ്ടെടുത്തത് അവളുടെ തണുത്തുറഞ്ഞ മൃതദേഹമാണ്. ആരാണ് തന്റെ കൊലപാതകികളെന്നും ആ പതിനേഴുകാരി തന്റെ പോസ്റ്റിൽ കുറിച്ചിരുന്നു.
പ്രാദേശിക മയക്കുമരുന്നു മാഫിയയുമായി സാന്പത്തിക കടബാധ്യതയുണ്ടെന്നും അവർ തന്നെ കൊല്ലുമെന്നുമൊക്കെയാണ് എഴുതിയിരുന്നത്.
മാത്രമല്ല ശരീരം എവിടെയാണ് എന്നറിയിച്ച പോസ്റ്റിൽ ’കൊമണ്ടോ വെർമെൽഹോ’ എന്ന ക്രിമിനൽ സംഘത്തെ പരാമർശിച്ച് ’സിവി’ എന്ന് അവസാനം ഒപ്പിട്ടിരുന്നു.
യഥാർഥ കൊലയാളി ആര്?
കാര്യങ്ങൾ ഇങ്ങനെയൊക്കെയാമെങ്കിലും പോലീസിന്റെ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ക്രിസ്റ്റിൻ കൊല്ലപ്പെട്ടത് ഫെബ്രുവരി 13നാണ്. എന്നാൽ, ഫെബ്രുവരി 12ന് തന്നെ അവളെ കാണാതായിരുന്നു.
അതിനാൽ ഫേസ്ബുക്കിൽ പോസ്റ്റുകൾ കുറിച്ചത് അവൾ തന്നെയാണോ അതോ കൊലയാളികളാണോയെന്ന സംശയം ബാക്കിയാണ്.
മാത്രമല്ല ’കൊമണ്ടോ വെർമെൽഹോ’ എന്ന ക്രിമിനൽ സംഘത്തിന് ഈ കൊലപാതകവുമായി ബന്ധമില്ലെന്നും യഥാർഥ കൊലയാളി പോലീസിനെ തെറ്റിദ്ധരിപ്പാക്കാൻ ശ്രമിച്ചതാവും ഇതെന്നുമാണ് പോലീസ് ഭാഷ്യം.
ദൂരുഹതകൾ ബാക്കി
ഫെബ്രുവരി 17ന് സമീപം നടന്ന മറ്റു രണ്ടു കൊലപാതകങ്ങൾക്കും ഇതുമായി ബന്ധമുണ്ടോയെന്ന സംശയത്തിലാണ് പോലീസ്.
വിജനപ്രദേശത്തു കൊല്ലപ്പെട്ട രീതിയിൽ കണ്ടെത്തിയ ലോറിവൽ ഫോണ്സക്ക മൊറേസ്, അന്റോണിയോ മോണ്ടീസോ എന്നിവർ കൊലപാതകിയെന്നു ക്രിസ്റ്റിൻ തന്റെ പ്രവചനത്തിൽ കുറിച്ചയാളുടെ സഹോദരനും അളിയനുമാണ്.
എന്നാൽ, ഈ രണ്ടു കൊലപാതകങ്ങൾക്കും പിന്നിൽ യഥാർഥത്തിൽ ’കൊമണ്ടോ വെർമെൽഹോ’ എന്ന ക്രിമിനൽ സംഘത്തിനു ബന്ധമുണ്ടെന്നു പോലീസ് പറയുന്നു.
ഈ കേസിൽ കുരുക്കാൻ ശ്രമിച്ചതും പോലീസിന്റെ ശ്രദ്ധ തങ്ങളിലേക്കു തിരിച്ചതും സംഘാംഗങ്ങളെ പ്രകോപിച്ചെന്നും അതിനാൽ പോസ്റ്റിൽ പേരുളള കൊലപാതകിയെ കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതിനാൽ അയാളുടെ ബന്ധുക്കളെ കൊന്നതാവാമെന്നുമാണ് പോലീസ് നിഗമനം. ദുരൂഹതയിൽ കുരുങ്ങിയ കേസിൽ പോലീസ് അന്വേഷണം തുടരുകയാണ്.