സ്വന്തം ലേഖകൻ
തൃശൂർ: ’നാലര പതിറ്റാണ്ടു മുന്‍പ് ഒരു രാത്രി പോലീസ് സംഘം വീടു വളഞ്ഞു. അന്നു ടൗണ്‍ എസ്ഐ കോശിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിൽനിന്ന് എന്നെ പിടികൂടി.
പിന്നെ 17 മാസം ജയിൽവാസം. അക്കാലത്ത് പോലീസിന്റെ പിടിയിലായവരും ജയിലിലായവരും ഇടിയേറ്റ് അവശനിലയിൽ നിത്യരോഗികളായാണ് പുറത്തുന്നത്.’
സിപിഎം നേതാവും സഹകാരിയുമായ എം.കെ. കണ്ണൻ അടിയന്തരാവസ്ഥയുടെ 46 ാം വാർഷികദിനത്തിൽ പഴയ ഓർമകൾ പുതുക്കി.
പൗരവകാശങ്ങൾ ചവിട്ടിമെതിച്ച അടിയന്തരാവസ്ഥയ്ക്കും കേന്ദ്രം ഭരിച്ച ഇന്ദിരാഗാന്ധിക്കുമെതിരേ പ്രതികരിച്ചതിനാണ് തന്നെ അറസ്റ്റു ചെയ്തത്. അന്നു സിപിഎം തൃശൂർ ലോക്കൽ കമ്മറ്റി അംഗം മാത്രമായിരുന്നു.
തൊഴിലാളി പ്രവർത്തനമായിരുന്നു മുഖ്യം. സിഐടിയു ജോയിന്റ് സെക്രട്ടറിയും തൃശൂരിലെ ചുമട്ടുതൊഴിലാളി യൂണിയൻ നേതാവുമായിരുന്നു.
അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഒരു മാസം തികഞ്ഞ ദിവസം രാത്രിയിലാണ് പോലീസ് തന്നെ പിടികൂടിയത്. മനുഷ്യാവകാശങ്ങളൊന്നും ഇല്ലാതിരുന്ന കാലമാണ്.
അറസ്റ്റു ചെയ്താൽ കോടതിയിൽ ഹാജരാക്കുകയോ വിചാരണ നടത്തുകയോ ഇല്ല. അറസ്റ്റു ചെയ്ത രാത്രി മുഴുവൻ തൃശൂർ ടൗണ്‍ പോലീസ് സ്റ്റേഷനിൽ ഇരുത്തി. പിറ്റേന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചു.
ജയിലിൽ മുതിർന്ന കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് നേതാക്കളുണ്ടായിരുന്നു. പി. പരമേശ്വരൻ, അരങ്ങിൽ ശ്രീധരൻ, എം.എം. ലോറൻസ്, ഒ. രാജഗോപാൽ, കെ.എൻ. രവീന്ദ്രനാഥ് തുടങ്ങി പല പ്രമുഖരും.
അടിയന്തിരാവസ്ഥയ്ക്കെതിരെ സമരം നടത്തിയ പലർക്കും സ്വന്തം ജീവിതം തന്നെ നഷ്ടമായി. പോലീസ് മർദ്ദനത്തിൽ പലരും കൊല്ലപ്പെട്ടു. അടിയന്തിരാവസ്ഥയ്ക്കു ശേഷം ജയിൽ മോചിതരായ പലർക്കും ആരോഗ്യവും ജീവനോപാധികളും നഷ്ടമായി.
അടിയന്തിരാവസ്ഥ പോരാട്ടത്തിൽ പോലീസ് മർദ്ദനത്തിൽ ആരോഗ്യം ക്ഷയിച്ച് ജീവച്ഛവങ്ങളായവർക്ക് മതിയായ ചികിത്സ നൽകാൻ സർക്കാർ തയാറാകണം.
അടിയന്തിരാവസ്ഥ വിരുദ്ധ പോരാട്ടത്തെ രണ്ടാം സ്വാതന്ത്ര്യ സമരമായി കണക്കാക്കി പെൻഷൻ അനുവദിക്കണമെന്നും കണ്ണൻ ആവശ്യപ്പെട്ടു.
സി.പി.എം സംസ്ഥാന കമ്മറ്റി അംഗമായ കണ്ണൻ കേരള ബാങ്കിന്റെ വൈസ് പ്രസിഡന്റും തൃശൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡൻുമാണ്.