തൃശൂർ: സിപിഎം നേതാവും തൃശൂർ കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റും കേരളാ ബാങ്ക് വൈസ് പ്രസിഡന്റുമായ എം.കെ കണ്ണൻ സ്വത്ത് വിവരങ്ങൾ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഇഡി നോട്ടീസ് നൽകി.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി നോട്ടീസ് നൽകിയത്. വ്യാഴാഴ്ചയ്ക്കുള്ളിൽ കുടുംബത്തിന്റെയടക്കം സ്വത്ത് വിവരം ഹാജരാക്കാനാണ് ഇഡി നിർദ്ദേശം.
എം.കെ കണ്ണൻ പ്രസിഡന്റായി തുടരുന്ന തൃശൂർ കോ -ഓപ്പറേറ്റീവ് ബാങ്കിൽ കരുവന്നൂർ കേസിലെ മുഖ്യപ്രതി സതീഷ് കുമാർ പല പ്രധാന ഇടപാടുകളും നടത്തിയിരുന്നതായി ഇഡി കണ്ടെത്തിയിട്ടുണ്ട്.
കോടികളുടെ ഇടപാട് രേഖകൾ ഈ ബാങ്കിൽ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിശദാംശങ്ങൾ തേടാൻ കണ്ണനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയുമുണ്ടായി.
എന്നാൽ കണ്ണൻ അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്നാണ് ഇഡി പറയുന്നത്. ചോദ്യം ചെയ്യൽ സമയത്ത് കണ്ണൻ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുന്നുവെന്നും ഇഡി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സ്വത്ത് വിവരം ഹാജരാക്കാൻ നിർദ്ദേശം നൽകിയത്.