കോഴിക്കോട്: എംഎസ്എഫ് വനിതാ വിഭാഗമായ ഹരിതയ്ക്കെതിരായ നടപടിയിൽ പ്രതികരണവുമായി മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ എം.കെ. മുനീർ. ഹരിതയുടേത് അച്ചടക്കലംഘനമെന്നാണ് പാർട്ടി കണ്ടെത്തിയത്. പാർട്ടി പറയുന്നതിനപ്പുറം പറയാനില്ലെന്ന് മുനീർ മാധ്യമങ്ങളോട് പറഞ്ഞു.
മുസ്ലിം ലീഗ് ഒറ്റയൂണിറ്റാണ്, അവിടെ സ്ത്രീ പുരുഷ ഭേദമില്ല. ഹരിതക്കെതിരായ നടപടി പൊതുസമൂഹം പല തരത്തിൽ ചർച്ച ചെയ്തേക്കാം. മാധ്യമങ്ങൾ മൊറ്റൊരു തലത്തിലും ചർച്ച ചെയ്യും. വിഷയം പാർട്ടിക്ക് അകത്തുള്ള കാര്യമാണ്. എല്ലാ ഫോറത്തിലും ചർച്ച ചെയ്താണ് തീരുമാനമെടുത്തതെന്നും മുനീർ പറഞ്ഞു.
അതേസമയം, മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ തുറന്ന യുദ്ധംപ്രഖ്യാപിച്ചാണ് ഹരിത രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവർക്കെതിരെ പോരാട്ടം തുടരും. അപമാനിക്കുന്നവരോട് സന്ധിയില്ലെന്ന് ഹരിത സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് മുഫീദ തെസ്നി പറഞ്ഞു.
ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനു പിന്നാലെയാണ് ലീഗിനെതിരെ ആഞ്ഞടിച്ച് മുഫീദ രംഗത്തെത്തിയത്. 21ാം നൂറ്റാണ്ടിലും രാഷ്ട്രീയത്തില്‍ പുരുഷന്മാര് മുതലാളികളും സ്ത്രീകള്‍ തൊഴിലാളികളുമായി തുടരുകയാണെന്ന് മാധ്യമം ദിനപ്പത്രത്തിൽ എഴുതിയ ലേഖനത്തിൽ മുഫീദ പറയുന്നു.
എത്ര കഴിവുള്ള സ്ത്രീയാണെങ്കിലും മികച്ച മാനേജർ എന്ന ലേബലിലേക്ക് മാത്രം രാഷ്ട്രീയത്തിൽ സ്ത്രീകൾ ഒതുങ്ങിപ്പോകുന്നു. രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി അധ്വാനിക്കാൻ വിധിക്കപ്പെട്ട ശരീരങ്ങളായാണ് സ്ത്രീകളെ കാണുന്നത്.
തീരുമാനമെടുക്കുന്ന കമ്മിറ്റികളിൽ അവൾക്ക് ഇടം നിഷേധിക്കപ്പെടുന്നു. സ്ത്രീവിരുദ്ധത ഉള്ളില്‍പ്പേറുന്ന രാഷ്ട്രീമാണ് കേരളത്തിലെ എല്ലാ മുഖ്യധാര സംഘടനകൾക്കും പാർട്ടികള്‍ക്കുമുള്ളത്.
ഹരിത പരാതി നൽകിയ വിഷയത്തിൽ എതിർ കക്ഷി പാർട്ടിയോ പാർട്ടി ഘടകങ്ങളോ അല്ല. ഭാരവാഹികളായ ചിലരാണ്. ലീഗ് പ്രത്യയശാസ്ത്രത്തിനെതി രെയോ നയങ്ങൾക്കെതിരെയോ അല്ല തങ്ങളുടെ പോരാട്ടം. ആത്മാഭിമാനത്തിനു പോറൽ ഏറ്റപ്പോൾ പ്രതികരിച്ചതാണ്. അതിൽ നീതി പ്രതീക്ഷിച്ചിരുന്നു.
തെറ്റിനെതിരെ വിരൽ ചൂണ്ടേണ്ട കാലത്ത് അതു ചെയ്തില്ലയെങ്കിൽ കുറ്റബോധം പേറേണ്ടി വരും. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും വ്യക്തി അധിക്ഷേപങ്ങളും പാര്‍ട്ടി നേതൃത്വം ഗൗരവമായി കാണുമെന്നായിരുന്നു പ്രതീക്ഷ. അച്ചടക്ക ലംഘനം നടത്തിയിട്ടില്ല.
വനിത കമീഷനിൽ പോവുകയെന്നത് ഭരണഘടനാപരമായ അവകാശമാണ്. സ്ത്രീത്വത്തെയും മനുഷ്യത്വത്തെയും അപമാനിക്കുന്നവർക്കെതിരെ പോരാട്ടം തുടരുമെന്നും മുഫീദ വ്യക്തമാക്കി.