കണ്ണൂർ: പ്രസവം എടുക്കുന്ന ഡോക്ടർമാരെ ആരും തന്നെ ബാപ്പയെന്ന് വിളിക്കാറില്ലെങ്കിലും എൽഡിഎഫ് സർക്കാർ ഇപ്പോൾ അത്തരത്തിലുള്ള സമീപനമാണ് പുലർത്തുന്നതെന്ന് എം.കെ. മുനീർ. യുഡിഎഫ് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളുടെ പിതൃത്വം ഏറ്റെടുത്ത് ഇതെല്ലാം ഞങ്ങളുടെ കുഞ്ഞുങ്ങളാണെന്ന് പറയുകയാണ് പിണറായി സർക്കാരെന്നും എം.കെ. മുനീർ.
കണ്ണൂരിൽ യുഡിഫ് കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡിപി വേൾഡ് സാമൂഹ്യ പ്രതിബന്ധതയുടെ ഭാഗമായി പ്രളയാനന്തരം 100 വീടുകൾ നിർമിച്ചു നൽകിയിരുന്നു. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയായിരുന്നു നിർവഹിച്ചത്.
ഉദ്ഘാടന ശേഷം മുഖ്യന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞത് ഈ വീടുകൾ സർക്കാർ നൽകിയതാണെന്നാണ്. മറ്റുള്ളവരുടെ സേവനങ്ങൾ ലജ്ജയില്ലാതെ തങ്ങളുടേതാക്കി മാറ്റുന്ന സമീപനമാണ് സർക്കാരിന്റേത്. വിദ്യാലയങ്ങളിൽ പോലും കുട്ടികൾ സുരക്ഷിതരല്ലാത്ത അവസ്ഥയാണ്.
സ്കൂളുകളിൽ പാന്പുകൾ കൂടി കയറിയിറങ്ങി തുടങ്ങിയതോടെ പാന്പിനെ പിടികൂടാനുള്ള വിദ്യ അറിയുന്നതിന് ഇതിനായി ഒരു ഉപദേശകനെ കൂടി മുഖ്യമന്ത്രി അടുത്ത് തന്നെ നിയമിച്ചേക്കുമെന്നും മുഖ്യമന്ത്രിയെ പരിഹസിച്ച് മുനീർ പറഞ്ഞു.