കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കവേ “വോട്ട്പിടിക്കാന്‍’ ആഭ്യന്തരവകുപ്പിറങ്ങുന്നതായി യുഡിഎഫിന്റെ ആരോപണം. യുഡിഎഫിനെതിരേ പരസ്യമായി നടപടി സ്വീകരിച്ചുകൊണ്ടാണ് സംസ്ഥാനം ഭരിക്കുന്ന മുന്നണിയോട് ആഭ്യന്തരവകുപ്പും പോലീസും കൂറുപുലര്ത്തുന്നതതെന്നും കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനെതിരേ കേസെടുക്കാനുള്ള നിയമോപദേശം നല്‍കിയത് ഇതിന്റെ ഭാഗമായാണെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വവും പോലീസിലെ ഒരു വിഭാഗവും ആരോപിക്കുന്നത്.
രാഘവനെതിരേ കേസെടുക്കാമെന്ന നിയമോപദേശം പരസ്യമാക്കിയതിനു തൊട്ടുപിന്നാലെ സോഷ്യല്‍മീഡിയകളിലും മറ്റും യുഡിഎഫിനെതിരേ ക്യാമ്പയില്‍ ശക്തമായി നടക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ പരാജയഭീതി മുന്നില്‍ക്കണ്ടാണ് എല്‍ഡിഎഫ് ഇത്തരം നടപടി സ്വീകരിക്കുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. അതേസമയം, വ്യാജ പ്രചാരണങ്ങള്‍ കൈമാറി പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 469, 499, 500 എന്നിവയ്ക്ക് പുറമെ ഐ ടി നിയമപ്രകാരവും മാനനഷ്ടക്കേസും ഫയല്‍ ചെയ്യാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.
ഇത്തരം വ്യാജപ്രചാരണങ്ങളുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണമെന്ന് യുഡി എഫ് ജില്ലാ ചെയര്മാന് അഡ്വ. പി.ശങ്കരന് ആവശ്യപ്പെട്ടു. വീഡിയോ ദൃശ്യങ്ങളുടെ ശബ്ദരേഖയില്‍ എഡിറ്റിംഗ് നടന്നതായും ഇതിൽ ശാസ്ത്രീയ പരിശോധന വേണമെന്ന് ആവശ്യപ്പെട്ട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ വരണാധികാരിക്കും എം.കെ.രാഘവനാണ് പരാതി നല്‍കിയത്. വ്യാജ പ്രചാരണത്തെ തുടര്‍ന്ന് തന്റെ നിരപരാധിത്വം തെളിയിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹം അന്വേഷണം ആവശ്യപ്പെട്ടത്.
അന്വേഷണം നടത്താനാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡിജിപിക്ക് പരാതി കൈമാറിയത്. തുടര്‍ന്ന് അഡീഷണല്‍ എസ്പി പി. വാഹിദ് പരാതി സംബന്ധിച്ച് അന്വേഷിച്ചപ്പോഴും എം.കെ. രാഘവന് നിലപാടില്‍ ഉറച്ചുനിന്നു. വീഡിയോയിലെ ദൃശ്യങ്ങള്‍ ഓഫീസില്‍നിന്ന് ഷൂട്ട് ചെയ്തതാണെന്നും എന്നാല്‍ പലഭാഗങ്ങളില്‍ നിന്നുള്ള സംഭാഷണ ശകലം കൂട്ടിച്ചേര്‍ത്ത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് ചാനല്‍ പുറത്തുവിട്ടതെന്നുമായി രാഘവന്റെ വാദം.
ഇതു സംബന്ധിച്ചാണ് അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ എം.കെ. രാഘവന്റെ ആവശ്യപ്രകാരമുള്ള ഫോറന്‍സിക് പരിശോധന നടത്താന്‍ പോലീസ് ഇതുവരേയും തയാറായിട്ടില്ല. മാത്രമല്ല അതിന്റെ പ്രാരംഭ പ്രക്രിയകള്‍ പുരോഗമിക്കവെയാണ് രാഘവനെതിരേ കേസെടുക്കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ദൃശ്യങ്ങള്‍ പകര്‍ത്തിയത് ഐ ഫോണ്‍ ഉപയോഗിച്ചാണെന്ന് ചാനല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരിടത്തുപോലും ഐ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള ലാബ് സംവിധാനം ഇല്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. മാത്രമല്ല, ചാനല്‍ സംഘം ആ ഫോണോ യഥാര്‍ത്ഥ ഫൂട്ടേജോ മറ്റ് സാങ്കേതിക ഉപകരണങ്ങളോ അന്വേഷണ സംഘത്തിന് കൈമാറിയിട്ടില്ല. എന്നാല്‍ എം.കെ. രാഘവനെതിരായ ദൃശ്യങ്ങള്‍ വ്യാജമല്ലെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
പരിശോധന പോലും നടത്താതെ ദൃശ്യങ്ങള്‍ യഥാര്‍ത്ഥ്യമാണെന്ന് പറയുന്നത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ്. അതേസമയം, ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കണമെങ്കില്‍ പരാതിയില്‍ കേസെടുക്കണം. കേസ് രജിസ്റ്റര്‍ ചെയ്യാതെ ഫോറന്‍സിക് ലാബില്‍ നിന്നുള്ള ദൃശ്യങ്ങളുടെ പരിശോധനാഫലം ഔദ്യോഗികമായി പുറത്തു വിടില്ല. ഈ സാഹചര്യത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നിയമോപദേശം ലഭിച്ചത്. കുറ്റം തെളിഞ്ഞെന്ന രീതിയിലാണ് ഇതിനെ ചിലര്‍ വളച്ചൊടിച്ചതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
കണ്ണൂര്‍ റേഞ്ച് ഐജിയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നില്ല എന്നിരിക്കെ റിപ്പോര്‍ട്ടിന്റെ ഭാഗങ്ങളെന്ന് പുറത്തുവിട്ടത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ സഹായിക്കാനും തെരഞ്ഞെടുപ്പ് മെഷിനറിയെ ദുരുപയോഗപ്പെടുത്തുന്നതിനുള്ള പെരുമാറ്റ ചട്ടങ്ങളുടെ ലംഘനവുമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ ഉയര്‍ന്നുവന്ന വിവാദം സംബന്ധിച്ച വസ്തുതാപരമായ റിപ്പോര്‍ട്ട് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ആരാഞ്ഞത്.
ഒരു ഫോറന്‍സിക് ലാബ് പരിശോധനയും നടത്താതെയുള്ള വീഡിയോ ക്ലിപ്പിന്റെ ആധികാരികത ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. വസ്തുത ഇതായിരിക്കെ മറ്റെന്തെങ്കിലും നടപടി എടുക്കണമെന്നുണ്ടെങ്കില് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണം. അതും ഇവിടെ ഉണ്ടായിട്ടില്ല. കേന്ദ്രമന്ത്രിയായിരുന്ന ദിലീപ് സിംഗ് ജുദേവിന്റെ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം സ്റ്റിംഗ് ഓപ്പറേഷന് നിയമസാധുതയില്ലെന്നാണ് സുപ്രീംകോടതി വിധിച്ചത്.
അതേസമയം ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരായ വിവാദസ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ സാധിക്കില്ലെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് നല്കിയ നിയമോപദേശം. കോഴിക്കോട്ടെ കേസ് ക്രിമിനല്‍ നടപടി ക്രമങ്ങളുടെ പരിധിയില്‍പ്പോലും വരില്ലെന്ന് എല്ലാവര്ക്കും അറിയാമായിരുന്നിട്ടും തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ആരോപണത്തിന്റെ പുകമറ സൃഷ്ടിക്കാനാണ് ശ്രമം.
എല്ലാ നിയമസംവിധാനങ്ങളെയും എല്‍ഡിഎഫിന് അനുകൂലമായി ദുരുപയോഗിക്കുന്നതിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.