ന്യൂഡൽഹി: മാടായി കോ-ഓപ്പറേറ്റീവ് ആർട്സ് സയൻസ് കോളജ് നിയമന വിവാദവുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ തള്ളി എം.കെ. രാഘവൻ എംപി. തനിക്കെതിരേ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. പിഎസ്സി നിശ്ചയിച്ച മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനങ്ങൾ നടന്നിട്ടുള്ളത്.
കോളജിൽ നാല് അനധ്യാപക തസ്തികകൾ നിയമനം നടക്കാതെ ഒഴിഞ്ഞുകിടക്കുകയാണ്. ഇന്റർവ്യു നടത്തിയത് താനല്ല. ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണ്. മൊത്തം 81 അപേക്ഷകളാണ് ലഭിച്ചത്. ഓഫീസ് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവാണാണുണ്ടായത്. ഇതിൽ 59 പേർ അപേക്ഷിച്ചു. 40 പേർ ഹാജരായി. ഓഫീസ് അറ്റൻഡന്റ് പോസ്റ്റിൽ ഒരു ഒഴിവാണുള്ളത്. ഇത് ഭിന്നശേഷി സംവരണമാണ്. എട്ടുപേർ അപേക്ഷിച്ചു.
ഹാജരായത് ഏഴു പേരാണ്. ഭിന്നശേഷിക്കാരിൽ ആദ്യ പരിഗണന നൽകേണ്ടിയിരുന്നത് അന്ധരായവർക്കാണ്. ഇങ്ങനെയൊരാൾ ഉണ്ടായിരുന്നില്ല. മാനദണ്ഡമനുസരിച്ച് രണ്ടാമത്തെ പരിഗണന കേൾവിക്കുറവ് ഉള്ളവർക്ക് നൽകണം. ഈ മാനദണ്ഡമാണ് പാലിച്ചത്.
രാഷ്ട്രീയം നോക്കി നിയമനം നടത്താൻ കഴിയില്ല. ഓഫീസ് അറ്റൻഡന്റ് പോസ്റ്റിലാണ് വിവാദമുണ്ടായിട്ടുള്ളത്. ഇദ്ദേഹത്തിന് ജോലി നൽകിയില്ലെങ്കിൽ കോടതിയിൽ പോയാൽ തിരിച്ചടിയുണ്ടാകുമെന്നും എം.കെ. രാഘവൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.