കന്നിയങ്കത്തിൽ തോൽവി, പിന്നെ വൻ വിജയങ്ങൾ, 40 വർഷം പാർട്ടി യൂത്ത് വിംഗ് നേതാവ്, സർവോപരി തമിഴകം കണ്ട ഏറ്റവും വലിയ രാഷ്്ട്രീയ തന്ത്രജ്ഞരിൽ ഒരാളായ മുത്തുവേൽ കരുണാനിധിയുടെ മകൻ; ഡിഎംകെ തലൈവർ എം.കെ. സ്റ്റാലിനു വിശേഷണങ്ങൾക്ക് ഒരു പഞ്ഞവുമില്ല.
മുത്തുവേൽ കരുണാനിധി സ്റ്റാലിൻ കലൈഞ്ജറുടെ മുഖ്യമന്ത്രിക്കസേരയിലെത്തിയാലും കരുണാനിധി കുടുംബത്തിലെ ഇളമുറത്തന്പുരാൻ ഉദയനിധി സ്റ്റാലിൻ കന്നിയങ്കത്തിൽ തെരഞ്ഞെടുക്കപ്പെട്ടാലും അതു ചരിത്രമാകും.
അറുപത്തെട്ടുകാരനായ സ്റ്റാലിൻ കൊളത്തൂരിൽനിന്നു ഹാട്രിക് വിജയം ലക്ഷ്യമിടുന്പോൾ, മുത്തച്ഛൻ കരുണാനിധിയുടെ സ്വന്തം മണ്ഡലമായിരുന്ന ചെപ്പോക്കിൽനിന്നാണ് ഉദയനിധി ജനവിധി തേടുന്നത്.
ചെന്നൈയുടെ വടക്കുപടിഞ്ഞാറൻ പ്രദേശമായ കൊളത്തൂർ ചെന്നൈ നോർത്ത് പാർലമെന്ററി മണ്ഡലത്തിന്റെ ഭാഗമാണ്.
മധ്യവർത്തികളും ദരിദ്രജനവിഭാഗങ്ങളും അടങ്ങുന്ന ഇവിടെ കുടിവെള്ളവും മാലിന്യസംസ്കരണവുമാണ് ജനകീയവിഷയങ്ങൾ.
അമ്മാവൻ മുരശൊലി മാരനൊപ്പം 14-ാം വയസിൽ പ്രചാരണവാഹനത്തിൽ വോട്ടു ചോദിച്ച സ്റ്റാലിൻ എന്ന പയ്യന് പാർട്ടിയുടെ അധ്യക്ഷസ്ഥാനത്തെത്താൻ 50 വർഷമാണു വേണ്ടിവന്നത്.
1982ൽ ഡിഎംകെ യൂത്ത് വിംഗ് രൂപീകരിച്ച് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതുമുതൽ 40 വർഷക്കാലം സ്റ്റാലിന് ആ കസേര ഒഴിയേണ്ടിവന്നില്ല. ഉദയനിധിയാണ് ഇപ്പോൾ യൂത്ത് വിംഗ് സെക്രട്ടറി.
1984ൽ തൗസന്റ് ലൈറ്റ്സ് മണ്ഡലത്തിലാണ് സ്റ്റാലിന്റെ കന്നിയങ്കം. പക്ഷേ, സ്റ്റാർ വാല്യൂ ഒട്ടും തുണച്ചില്ല. ആദ്യ മത്സരത്തിൽ അടിപതറി.
1989ൽ ജയിച്ചു. 1991ൽ തൗസന്റ് ലൈറ്റ്സ് പിന്നെയും സ്റ്റാലിനെ ചതിച്ചു. 1996, 2001, 2006 വർഷങ്ങളിൽ വൻഭൂരിപക്ഷത്തോടെ നിയമസഭയിലെത്തി.
2011 മുതൽ സ്റ്റാലിന്റെ മണ്ഡലം ചെന്നൈ കോർപറേഷന്റെ ഭാഗമായ കൊളത്തൂരാണ്. അണ്ണാ ഡിഎംകെ തരംഗത്തിൽ പാർട്ടി തകർന്നടിഞ്ഞ 2016ലും കൊളത്തൂർ സ്റ്റാലിനെ കൈവിട്ടില്ല.
2003ൽ ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി, 2006ൽ കരുണാനിധി മന്ത്രിസഭയിൽ തദ്ദേശഭരണ മന്ത്രി, 2008ൽ പാർട്ടി ട്രഷറർ പദവികൾ വഹിച്ചു.
2009ൽ സഹോദരൻ എം.കെ. അഴഗിരി മൻമോഹൻ സിംഗ് സർക്കാരിൽ മന്ത്രിയായതോടെ സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി.
കരുണാനിധി കുടുംബത്തിൽ പാർട്ടി അധ്യക്ഷപദവിക്കുവേണ്ടി വടംവലിയുണ്ടായപ്പോൾ കലൈഞ്ജർക്ക് ഒരുത്തരമേ ഉണ്ടായിരുന്നുള്ളൂ- സ്റ്റാലിൻ. 2013 ജനുവരി മൂന്നിന് സ്റ്റാലിനെ ഡിഎംകെ അധ്യക്ഷപദവിയിൽ അവരോധിച്ച് കരുണാനിധി അവകാശത്തർക്കം പരിഹരിച്ചു.
2018ൽ കരുണാനിധി അന്തരിച്ചു. ഇത്തവണ കരുണാനിധിയില്ലാത്ത തെരഞ്ഞെടുപ്പാണ്. അധികാരത്തിലേറാനുള്ള ഡിഎംകെയുടെ 10 വർഷത്തെ കാത്തിരിപ്പാണ് കൊളത്തൂരിനെ പാർട്ടിയുടെ പ്രസ്റ്റീജ് മണ്ഡലമാക്കുന്നത്.
കോണ്ഗ്രസ്, സിപിഎം, സിപിഐ, വിസികെ, എംഡിഎംകെ, ഐയുഎംഎൽ, എംഎംകെ, കെഎംഡികെ, തമിഴക വാൾവുരിമൈ എന്നീ കക്ഷികളാണ് ഡിഎംകെ നേതൃത്വം നൽകുന്ന മുന്നണിയിലുള്ളത്.