കോഴിക്കോട്: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീറിന്റെ പങ്കിനെക്കു റിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു.
കെ.എം.ഷാജി എംഎല്‍എയുമായി ചേര്‍ന്ന് ഭൂമി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് അന്വേഷണം. മുനീര്‍ ഇന്നലെ രേഖകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറിയിട്ടുണ്ട്.
അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ ഷാജി കൈക്കൂലി വാങ്ങിയെന്ന പരാതിയിലെ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി രേഖകള്‍ ആവശ്യപ്പെട്ടത്.
ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സ്ഥലവില തെറ്റായി രേഖപ്പെടുത്തിയതിനെതിരേ ഐഎന്‍എല്‍ നേതാവ് അബ്ദുള്‍ അസീസാണ് പരാതി നല്‍കിയത്.
ഷാജിയുടെ ഭാര്യയുടെയും മുനീറിന്റെ ഭാര്യയുടെയും ഇവരുടെ അടുത്ത ബന്ധുക്കളുടെയും പേരില്‍ പാറോപ്പടിയിലെ 92 സെന്റ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഒരു കോടി രണ്ടര ലക്ഷം രൂപയ്ക്കാണ് സ്ഥലം വാങ്ങിയത്.
എന്നാല്‍, 37,27,400 രൂപ നല്കി സ്ഥലം വാങ്ങിയെന്നാണ് ആധാരത്തില്‍ കാണിച്ചത്. ഷാജിയുടെ ഭാര്യയുടെ പേരിലുള്ള 42 സെന്റ് സ്ഥലത്തിന് 15, 77,700 രൂപയും മുനീറിന്റെ ഭാര്യയുടെ പേരിലുള്ള 30 സെന്റന് 12,77,700 രൂപയും മറ്റ് രണ്ട് പേരുടെ ഭൂമിക്ക് 8 ,72,000 രൂപയുമാണ് ആധാരത്തില്‍ വിലയിട്ടത്.
രജിസ്ട്രേഷന് ഫീസ് ഇനത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിലും ലക്ഷങ്ങള്‍ വെട്ടിച്ചുവെന്നാണ് പരാതി.