നാഗാലാന്‍ഡില്‍ നിന്നും പോലീസ് ട്രക്ക് കൊണ്ടു വന്നത് ഞാനല്ല; വണ്ടി കുളനടയിലെ വീട്ടില്‍ എത്തിയിട്ടുമില്ല; സത്യം പുറത്തു പറയാത്തത് ആദായനികുതി വകുപ്പിന്റെ നിര്‍ദ്ദേശമുള്ളതിനാല്‍; ശ്രീവത്സം പിള്ള ആദ്യമായി പ്രതികരിക്കുന്നു

pillai600അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ആരോപണ വിധേയനായ ശ്രീവത്സം പിള്ള ആദ്യമായി വിഷയത്തില്‍ പ്രതികരിക്കുന്നു. ഇത്രയധികം ആരോപണങ്ങള്‍ വന്നപ്പോഴും പിള്ള യാതൊരു വിധ പ്രതികരണങ്ങളും നടത്തിയിരുന്നില്ല. എന്നാല്‍ വിഷയത്തില്‍ ആദ്യമായി പിള്ള പ്രതികരിക്കുകയാണ്. തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ പച്ചക്കള്ളമാണെന്നാണ് പിള്ള പറയുന്നത്. മാധ്യമങ്ങളില്‍ തുടരെ തുടരെ വാര്‍ത്ത വന്നതും താന്‍ കള്ള പണം കൊണ്ടു വന്നുവെന്ന് വരെ പറഞ്ഞതുമായ നാഗാലാന്‍ഡ് പൊലീസിന്റെ ട്രക്ക് വീട്ടിലേക്ക് കൊണ്ടു വന്നിട്ടില്ല.

കൊച്ചിയില്‍ ഔദ്യോഗിക ആവശ്യത്തിന് സാധനം എടുക്കാനാണ് ട്രക്ക് എത്തിയത്. ട്രക്കു വന്നത് സംബന്ധിച്ച് തനിക്കൊരു ബന്ധവുമില്ലെന്നും പിള്ള പറയുന്നു. തനിക്കെതിരെ ഇതുവരെയില്ലാത്ത നടപടികള്‍ ഉണ്ടാകാന്‍ കാരണം ബിസിനസിലെ ശത്രുക്കളാണെന്നും ആരോപണങ്ങളില്‍ പ്രതികരിക്കാത്തത് ആദായ നികുതി വകുപ്പിന്റെ നിര്‍ദ്ദേശമുള്ളതിനാലാണെന്നും പിള്ള പറയുന്നു.

പരിശോധനകളും അന്വേഷണവും പൂര്‍ത്തിയാവുന്നതുവരെ മാധ്യമങ്ങളെ കാണരുതെന്ന് അവര്‍ വിലക്കിയിട്ടുണ്ടെന്നും പിള്ള പറയുന്നു. ഇപ്പോള്‍ ഉയരുന്ന ആരാേപണങ്ങള്‍ കഴമ്പില്ലാത്തതാണന്നു വിശദീകരിച്ച പിള്ള രാഷ്ട്രീയ ബന്ധത്തെയോ ബിനാമി നിക്ഷേപങ്ങളെയോ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല എന്നതും ശ്രദ്ധേയമായി. ഇപ്പോള്‍ നാഗാലാന്‍ഡിലുള്ള പിള്ള അവിടുത്തെ പൊലീസ് ആസ്ഥാനത്ത് എത്തുന്നുണ്ട്. വിദഗ്‌ദോപദേശ സ്ഥാനത്തു നിന്നും പിള്ളയെ നീക്കം ചെയ്തുവെന്ന് നാഗാലാന്‍ഡ് ഡിജിപി എല്‍. എല്‍ ഡോംഗല്‍ പറഞ്ഞിരുന്നുവെങ്കിലും പൊലീസ് ആസ്ഥാനത്ത് എത്തുന്നതിനോ പൊലീസിലെ മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥരെ കാണുന്നതിനോ പിള്ളക്ക് ഇപ്പോഴും മറ്റു തടസങ്ങളൊന്നുമില്ല.

നാഗാലാന്‍ഡ് രാഷ്ട്രീയത്തില്‍ ഇപ്പോഴും വലിയ സ്വാധീനമുള്ളതിനാല്‍ പഴയതുപോലെ വിലസമെന്നാണ് പിള്ളയുടെ കണക്കുകൂട്ടല്‍. നാഗാലാന്‍ഡ് ഇന്റലിജന്‍സും പിള്ളക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി അവിടെത്തെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കേരളത്തിലെത്തുമെന്നും വിവരമുണ്ട്. ശീവത്സം ഗ്രൂപ്പിന് 425 കോടി രൂപയുടെ അധിക സ്വത്ത് ഉണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ സ്ഥിരീകരണം. 50 കോടി രൂപയുടെ അധികസ്വത്ത് ഉണ്ടെന്നായിരുന്നു നേരത്തെ നല്‍കിയിരുന്ന മൊഴി. നാഗാലാന്‍ഡിലെ ഉദ്യോഗസ്ഥരുടെ കള്ളപ്പണം ശ്രീവത്സം ഗ്രൂപ്പില്‍ എത്തിയിട്ടുണ്ടോയെന്നും ഉദ്യോഗസ്ഥര്‍ സംശയിക്കുന്നുണ്ട്. നാഗാലാന്‍ഡിലെ കൊഹിമ കേന്ദ്രമാക്കി 28 അക്കൗണ്ടുകളാണ് എംകെആര്‍ പിള്ളയ്ക്കുള്ളത്. ഇതില്‍ 20 എണ്ണം പിള്ളയുടെ പേരിലും ബാക്കിയുള്ള എട്ട് എണ്ണം പിള്ളയുടെ ഭാര്യയുടേയും മകന്റേയും പേരിലുള്ളതാണ്.

ഈ അക്കൗണ്ടുകളിലൂടെ കേരളത്തിലേക്ക് പണം എത്തിയെത്തും ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. നാഗാലാന്റിലെ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന പിള്ള കേന്ദ്രഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. പിള്ളയുടെ 425 കോടിയെന്ന അധിക സ്വത്ത് പ്രാഥമിക നിഗമനം മാത്രമാണെന്നും പസ്വത്ത് സംബന്ധിച്ച പരിശോധന പൂര്‍ത്തിയാവുമ്പോള്‍ ഈ കണക്ക് ഇരട്ടിയായേക്കാമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. പിള്ളയുടെ ഇടപാടുകള്‍ ബിനാമി ഇടപാടുകളാണോ എന്നും സംഘം പരിശോധിക്കുയാണ്. മധ്യകേരളത്തില്‍ ഏക്കര്‍ കണക്കിന് സ്ഥലങ്ങള്‍ ഇദ്ദേഹം വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് വിവരം. ഇതിന്റെ മതിപ്പ് വില കൂടി കണക്കിലെടുക്കുമ്പോള്‍ അധിക സ്വത്തിന്റെ അന്തിമകണക്ക് ക്രമാതീതമായി ഉയര്‍ന്നേക്കാമെന്നും ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടുന്നുണ്ട്. 50 കോടി രൂപയുടെ കള്ളപ്പണം മാത്രമാണ് തന്റെ പക്കലുള്ളതെന്നാണ് പിള്ള സര്‍ക്കാരിന് നല്‍കിയ കണക്കുകള്‍. എന്നാല്‍ ഇതിന്റെ പല
മടങ്ങാണ് പിള്ളയുടെ കൈവശമുള്ളതെന്നാണ് പ്രാഥമിക പരിശോധനയിലൂടെ മാത്രം കണ്ടെത്തിയത്.രാഷ്ട്രീയ നേതാക്കളുടെ നിക്ഷേപങ്ങളും ഇതില്‍ ഉള്‍പ്പെട്ടേക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ ആരുടെയൊക്കെ പണം ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായിട്ടില്ല. പിള്ളയുടെ കേരളത്തിലേതടക്കം 30 ഓളം ബാങ്ക് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചു കഴിഞ്ഞു.

നാഗാ കലാപകാരികള്‍ക്കും പണം നല്‍കിയെന്നും കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ട്. പിള്ളയുടെ ഉടമസ്ഥതയിലുള്ള 30ല്‍ അധികം സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപയുടെ അനധികൃത നിക്ഷേപമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. നാഗാലാന്‍ഡില്‍ അസിസ്റ്റന്റ് എസ്പിയായിരുന്ന പിള്ളയ്ക്ക് ഇത്രയുമധികം കോടികള്‍ എങ്ങനെയുണ്ടാക്കാന്‍ കഴിഞ്ഞുവെന്നതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്.
ഈ സാഹചര്യത്തിലാണ് പിള്ളയുടെ ബിസിനസ് പങ്കാളി രാധാമണിയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആദായനികുതി വകുപ്പ് വിശദമായ അന്വേഷണമാരംഭിച്ചത്.

പിള്ളയുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകള്‍ നടത്തിയിരുന്നത് രാധാമണിയാണെന്നാണ് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍കണ്ടെത്തിയിരിക്കുന്നത്. പിള്ളയുടെ പേരിലുള്ള 10 കോടിയുടെ റിയല്‍എസ്‌റ്റേറ്റ് നിക്ഷേപങ്ങളുടെ രേഖകള്‍ രാധാമണിയുടെ ഹരിപ്പാട് ഡാണാപ്പടിയിലുള്ള വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. റെയ്ഡ് നടക്കുമ്പോള്‍ഡല്‍ഹിയിലെ നാഗാലാന്‍ഡ് ഹൗസിലായിരുന്ന രാധാമണിയെ ആദായനികുതിഉദ്യോഗസ്ഥര്‍ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു. രാധാമണിയില്‍ നിന്ന് പിള്ളയുടെ കള്ളപ്പണ ഇടപാടുകളെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന. എന്തായാലും വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് ഇന്റലിജന്‍സിന്റെ തീരുമാനം.

Related posts