തൊടുപുഴ: അകാലത്തിൽ പൊലിഞ്ഞ തങ്ങളുടെ പ്രിയ സഹപാഠിയെ അവസാനമായി ഒരുനോക്ക് കാണാൻ സ്നേഹപ്പൂക്കളുമായി അവരെത്തി.
തൊടുപുഴ ന്യൂമാൻ കോളജ് ബിഎ അവസാന വർഷ സാന്പത്തിക ശാസ്ത്ര വിദ്യാർഥിനിയായ മുളപ്പുറം വെട്ടിക്കാട്ട് പരേതനായ ജോസഫ്-മേഴ്സി (റിട്ട.അധ്യാപിക) ദന്പതികളുടെ ഏകമകൾ ട്രീസ (ഉണ്ണിക്കുട്ടി-20) ആണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഞായറാഴ്ച ഉച്ചയോടെ മരണമടഞ്ഞത്.
കോളജിൽ സോഷ്യലിൽ പങ്കെടുക്കുന്നതിനിടെ വെള്ളിയാഴ്ച ഉച്ചയോടെ കുഴഞ്ഞുവീണ ട്രീസയെ ഉടൻ സെന്റ് മേരീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസയിലിരിക്കെ മരണത്തിനു കീഴടങ്ങുകയായിരുന്നു.
അധ്യാപകരും വിദ്യാർഥികളും ചേർന്നുള്ള ഗ്രൂപ്പ്ഫോട്ടോയ്ക്കു ശേഷം കൂട്ടുകാരുമായി സന്തോഷം പങ്കിടുന്നതിനിടെയാണ് കുഴഞ്ഞുവീണത്.
എല്ലാവരോടും സൗഹൃദവും ഹൃദയബന്ധവും പുലർത്തിയിരുന്ന തങ്ങളുടെ പ്രിയ പ്പെട്ടവൾ ആശുപത്രി കിടക്കയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു വീട്ടുകാരും സഹപാഠികളും.
എന്നാൽ വിധിമറ്റൊന്നായി. നേരത്തെ മുതൽ ട്രീസയ്ക്ക് ഹൃദയസംബന്ധമായ രോഗമുള്ള കാര്യം സഹപാഠികൾക്ക് അറിവില്ലായിരുന്നു.
രണ്ടുദിവസം മുന്പും തങ്ങളോടൊപ്പം കോളജ് കാന്പസിൽ സന്തോഷിച്ച് ഉല്ലസിച്ച് എല്ലാറ്റിനും മുൻപന്തിയിൽ നിന്ന സഹപാഠിയുടെ പെട്ടെന്നുള്ള വേർപാട് കൂട്ടുകാർക്ക് താങ്ങാനായില്ല.
സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാനെത്തിയപ്പോൾ കൂട്ടുകാരിയുടെ ചേതനയറ്റ ശരീരത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞ ഇവരെ ആശ്വസിപ്പിക്കാൻ കൂടിനിന്നവർ പാടുപെട്ടു.
ട്രീസയെ പഠിപ്പിച്ച അധ്യാപകർക്കും വേർപാടിന്റെ വേദന തീരാനൊന്പരമായി.വിടപറയാതെ വിടചൊല്ലിയ മകളുടെ വേർപാടിന്റെ ദുഃഖം ഉള്ളിലൊതുക്കിയാണ് അമ്മ മേഴ്സി പൊന്നുമോളുടെ അരികിലിരുന്നത്.
സംസ്കാര ശുശ്രൂഷയ്ക്കു ശേഷം വീട്ടിൽ നിന്നും ആംബുലൻസിലേക്ക് ശവമഞ്ചം വഹിച്ചത് സഹപാഠികളായിരുന്നു.
പള്ളിയിൽ നടന്ന ശുശ്രൂഷയെ തുടർന്ന് റോസാ ദളങ്ങൾക്കൊപ്പം കണ്ണീർപ്രണാമം അർപ്പിച്ചാണ് ട്രീസയെ കൂട്ടുകാർ യാത്രയാക്കിയത്.
സംസ്കാര ശുശ്രൂഷകൾക്ക് ന്യൂമാൻ കോളജ് വൈസ് പ്രിൻസിപ്പൽ റവ.ഡോ.മാനുവൽ പിച്ചളക്കാട്ട് മുഖ്യ കാർമികത്വം വഹിച്ചു.
മുളപ്പുറം പള്ളി വികാരി ഫാ.ജോസ് ചിരപ്പറന്പിൽ, ഫാ.നിക്കോളാസ് മൂലശേരി, ഫാ.തോമസ് മാളിയേക്കൽ എന്നിവർ സഹകാർമികരായി.
കോളജ് പ്രിൻസിപ്പൽ ഡോ.തോംസണ് ജോസഫ്, ഇക്കണോമിക്സ് വിഭാഗം മേധാവി പ്രഫ.ജെന്നി കെ.അലക്സ്, അധ്യാപകർ തുടങ്ങി നിരവധിപ്പേർ അന്തിമോപചാരം അർപ്പിക്കാനെത്തി.