ഒട്ടേറെ കൊട്ടിഘോഷിച്ച് നിലവില്‍ വരുത്തിയ ഒന്നായിരുന്നു ജിഎസ്ടി. എന്നാല്‍ അതിന്റെ മുഴുവന്‍ രൂപം എന്താണെന്ന് ഒരു ബിജെപി എംഎല്‍എയോട് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. അത്യന്തം ഗൗരവതരമായ കുറ്റമാണെങ്കിലും അത് ക്ഷമിക്കാമെന്ന് വയ്ക്കാം. കാരണം, ഇപ്പോള്‍ നിലവില്‍ വന്ന ഒരു നികുതി വ്യവസ്ഥയാണല്ലോ അത്. എന്നാല്‍ മധ്യപ്രധേശില്‍ നിന്നുള്ള എംഎല്‍എമാരോട് എംഎല്‍എയുടെ പൂര്‍ണ്ണരൂപം എന്താണെന്ന് ചോദിച്ച പത്രപ്രവര്‍ത്തകര്‍ ഞെട്ടി. കാരണം, എംഎല്‍എമാര്‍ക്ക് പലര്‍ക്കും അതിന്റെ പൂര്‍ണ്ണരൂപം അറിയില്ലായിരുന്നു. മധ്യപ്രദേശിലെ ന്യൂസ് 24 എന്ന ചാനലാണ് ചോദ്യവുമായി സംസ്ഥാനത്തെ എംഎല്‍എമാരെ സമീപിച്ചത്.
മധ്യപ്രദേശിലെ പത്ത് എംഎല്‍എമാര്‍ക്കാണ് തങ്ങള്‍ വഹിക്കുന്ന സ്ഥാനത്തിന്റെ പേരു പോലും ശരിയായി അറിയാതിരുന്നത്. ബിജെപിക്കാരായിരുന്നു കുടുങ്ങിയവരില്‍ ഏറെയും. ഒരു വനിതാ എംഎല്‍എയോട് ഫുള്‍ഫോം ചോദിച്ചപ്പോള്‍ മറുപടി ചിരിയായിരുന്നു. ഞാന്‍ പറയാം… ഞാന്‍ ആദ്യമായാണ് എംഎല്‍എയായത്…അത് പറയാം…ഇങ്ങനെയൊക്കെയായിരുന്നു വനിതാ എംഎല്‍എയുടെ ഉത്തരം. മറ്റൊരു എംഎല്‍എ ചോദ്യത്തെ ചിരിച്ചു തള്ളി. ഒരു വനിതാ നേതാവ് വിദായക് എന്നു പറഞ്ഞു. പത്തുകൊല്ലമായി എംഎല്‍എയായി തുടരുന്നവര്‍ക്ക് പോലും എംഎല്‍എയുടെ പൂര്ണ്ണരൂപമെന്തെന്ന ചോദ്യത്തിന് മറുപടിയില്ല. അറിയില്ലെന്ന് വെട്ടിത്തുറന്ന് ഞെട്ടിയ്ക്കുന്ന മറുപടി പറഞ്ഞവരും ഉണ്ട്. മെമ്പര്‍ ഓഫ് അസബ്ലി എന്ന് പറഞ്ഞവരും ഉണ്ട്. അതായത് മെമ്പര്‍ ഓഫ് ലെജിസ്ലേറ്റീവ് അസംബ്ലിയെന്ന് പറയാന്‍ അറിയാത്തവരും മധ്യപ്രദേശ് നിയമസഭയിലുണ്ടെന്നര്ത്ഥം.