ഹൈദരാബാദില്‍ നിന്ന് ബംഗളൂരുവിലേയ്ക്ക് മടങ്ങാനിരിക്കെ ഒരു കോണ്‍ഗ്രസ് എംഎല്‍എ മുങ്ങി! ആശങ്കയിലായ ക്യാമ്പംഗങ്ങള്‍ നടത്തിയ തെരച്ചിലിനൊടുവില്‍ എംഎല്‍എ പൊങ്ങിയത് സ്വിമ്മിംഗ് പൂളില്‍ നിന്ന്

ബി.എസ് യെദിയൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റത്തിനു പിന്നാലെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാരെ പാര്‍പ്പിച്ചിരുന്ന റിസോര്‍ട്ടിനുള്ള സുരക്ഷ പിന്‍വലിച്ചത്. ഇതേതുടര്‍ന്ന് രാത്രിയോടെ തന്നെ എംഎല്‍എമാരെ റോഡ് മാര്‍ഗം ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ എത്തിക്കുകയായിരുന്നു. തങ്ങളുടെ എംഎല്‍എമാരെ ബിജെപി കുതിരക്കച്ചവടത്തിലൂടെ വരുതിയിലാക്കുമോ എന്ന ഭീഷണി നിലനില്‍ക്കെയാണ് കര്‍ണാടകയ്ക്കു പുറത്തേക്ക് ഇവരെ മാറ്റിയത്.

എംഎല്‍എമാരെ കൂടെക്കൂട്ടുക എന്നത് അത്യാവശ്യമായിരിക്കെ, എംഎല്‍എമാരെ കുതിരക്കച്ചവടത്തിലൂടെ ബിജെപി ചാക്കിട്ട് പിടിക്കുമോ എന്ന് ഭയന്നാണ് രാത്രിയ്ക്കു രാത്രി എംഎല്‍എമാരെ റിസോര്‍ട്ടില്‍ നിന്ന് റിസോര്‍ട്ടിലേയ്ക്ക് മാറ്റുന്നത്. അങ്ങനെയാണ് ഇക്കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലില്‍ എത്തിച്ചത്. പിന്നാലെയാണ് കര്‍ണാടകയില്‍ വിശ്വാസവോട്ട് നടത്താന്‍ സുപ്രീംകോടതിയുടെ ഉത്തരവുണ്ടായത്. ഇതോടെ എംഎല്‍എമാരുടെ സുരക്ഷ കുറച്ചുകൂടി ഉറപ്പുവരുത്തുകയും ചെയ്തു.

എന്നാല്‍ പെട്ടെന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് ക്യാമ്പിനെ ഞെട്ടിച്ചുകൊണ്ട് ആ വാര്‍ത്ത പരന്നത്. ഇതുവരെ കൂടെ ഉണ്ടായിരുന്ന ഒരു കോണ്‍ഗ്രസ് എംഎല്‍എയെ കാണാനില്ല. ഹോട്ടലില്‍ പരക്കെ തിരച്ചില്‍ നടത്തി. ബാറിലും, റെസ്റ്റോറന്റിലും, വാഷ്റൂമിലും തെരഞ്ഞങ്കിലും എംഎല്‍എയെ കണ്ടെത്താനാകാതെ എല്ലാവരും ടെന്‍ഷനിലായി. പിന്നീട് ഹോട്ടലിലെ സ്വിമ്മിംഗ് പൂളില്‍ നടത്തിയ തെരച്ചിലോടുകൂടിയാണ് ആ ടെന്‍ഷന്‍ ശമിച്ചത്. ബംഗളൂരുവിലേയ്ക്കുള്ള മടക്കയാത്രയ്ക്ക് മുന്നോടിയായി സ്വിമ്മിംഗ് പൂളില്‍ നീന്തിത്തുടിക്കുകയായിരുന്നു കാണാതായ എംഎല്‍എ. അതോടെ ക്യാമ്പിലാകെ ചിരിയുയരുകയും ചെയ്തു.

Related posts