ചെങ്ങന്നൂർ: എംഎൽഎ യുടെ ചലഞ്ച് ഏറ്റെടുത്ത് 94 നവാഗതരെ പ്രവേശിപ്പിച്ച പെണ്ണുക്കര ഗവ.യുപിഎസിന് തന്റെ ആസ്ഥി വികസന ഫണ്ടിൽ നിന്നും 94 ലക്ഷം രൂപ സജി ചെറിയാൻ എംഎൽഎ പ്രഖ്യാപിച്ചു. ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലാ തല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു പ്രഖ്യാപനം. സ്കൂളിൽ ഈ അധ്യയന വർഷത്തിൽ നൂറു കുട്ടികൾ പുതിയതായി പ്രവേശനം നേടിയാൽ സ്കൂൾ വികസനത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും നൂറു ലക്ഷം അനുവദിക്കാം എന്നതായിരുന്നു ചലഞ്ച്.
സ്കൂളിലെ പശ്ചാത്തല വികസനത്തിനായി കഴിഞ്ഞ അധ്യയന വർഷം എംഎൽഎ ഫണ്ട് ഉപയോഗിച്ചു നടന്ന നിർമാണങ്ങളുടെ ഉദ്ഘാടന വേദിയിലാണ് സജി ചെറിയാൻ എംഎൽഎ ചലഞ്ച് പ്രഖ്യാപിച്ചത്. ചലഞ്ചിന്റെ വിജയത്തിനു വേണ്ടി സ്കൂളിലേക്ക് 13 ലക്ഷത്തിന്റെ വാഹനവും എംഎൽഎ ഫണ്ട് ഉപയോഗിച്ച് വാങ്ങി നൽകി. ചലഞ്ച് ഏറ്റെടുത്ത സ്കൂൾ വികസന സമിതിയും പിടിഎയും ഉണർന്നു പ്രവർത്തിച്ചു.
സർക്കാരിന്റെ പൊതുവിദ്യാഭ്യാസ നയത്തിന്റെ വിജയവും സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ വർധിച്ചതും കുട്ടികൾ കൂടുതൽ എത്താൻ കാരണമായി.സമീപ കാലയളവിൽ ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലെ സർക്കാർ സ്കൂളുകളിലെ ഏറ്റവും ഉയർന്ന പ്രവേശന സംഖ്യയാണിത്. സ്കൂൾ വികസന സമിതി ചെയർമാൻ കെ.എം ചന്ദ്രശർമ്മ, പ്രധാനാധ്യാപിക പി.എസ് ശ്രീകുമാരി എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും പ്രവർത്തനത്തിലൂടെയാണ് നേട്ടം കൈവരിച്ചത്.