ഭുവനേശ്വർ: ക്രിക്കറ്റ് മത്സരത്തിന്റെ ഉദ്ഘാടനം ആവേശഭരിതമാക്കാൻ ശ്രമിച്ച എംഎൽഎ ആശുപത്രിയിലായി. ഒഡീഷയിലെ നർലയിൽനിന്നുള്ള ബിജെഡി എംഎൽഎ ഭൂപേന്ദ്ര സിംഗിനാണ് അക്കിടി പറ്റിയത്. കലഹണ്ടി എന്ന സ്ഥലത്ത് ക്രിക്കറ്റ് മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ഭൂപേന്ദ്ര സിംഗ്.
ഉദ്ഘാടനവേദിയിലെത്തിയ എംഎൽഎയുടെ ഉള്ളിൽ ഉറങ്ങിക്കിടന്ന ബാറ്റ്മാൻ ഉണർന്നു. ബാറ്റ് ചെയ്ത് എല്ലാവരെയും ഞെട്ടിച്ച് ഉദ്ഘാടനം ചെയ്യാനായി എംഎൽഎ ബാറ്റുമായി ക്രീസിലെത്തി. എംഎൽഎയുടെ മിന്നുന്ന പ്രകടനം പകർത്താൻ കാമറകളും നിരന്നു.
സിംഗിനെതിരേ ബൗളർ ഒരു സ്ലോ ഷോർട്ട് ബോൾ എറിഞ്ഞു. എംഎൽഎ പന്ത് അടിച്ചുപായിക്കാൻ ശ്രമിച്ചു. ബാറ്റ് വീശിയതും എംഎൽഎ ബാലൻസ് തെറ്റി മൂക്കുംകുത്തി താഴെ.
മുഖത്തു സാരമായി പരിക്കേറ്റ എംഎൽഎയെ സഹകളിക്കാരും കാഴ്ചക്കാരും ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. എംഎൽഎ ബാറ്റ് ചെയ്യാൻ എത്തുന്നതിന്റെയും വീഴുന്നതിന്റെയും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.