ന്യൂഡൽഹി: കർണാടക നിയമസഭയിലേക്കു വീണ്ടും ജനവിധി തേടുന്ന എംഎൽഎമാരുടെ ആസ്തിയിൽ വൻ വർധനവെന്നു രേഖകൾ. 17.31 കോടി രൂപയാണ് വീണ്ടും മത്സരിക്കുന്ന 184 എംഎൽഎമാരുടെ ആസ്തിയിലുണ്ടായ ശരാശരി വർധനവ്.
2013ൽ ശരാശരി വരുമാനം 26.92 കോടിയായിരുന്നത് ഈ വർഷം 44.24 കോടിയായി വർധിച്ചു. ഇത് ഏകദേശം 64 ശതമാനം വർധനവ് വരും. അഞ്ചു കോണ്‍ഗ്രസ് എംഎൽഎമാരുടെ ആസ്തിയിൽ അഞ്ചു വർഷത്തിനിടെ 100 ശതമാനം വർധനവുണ്ടായതായും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്(എഡിആർ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
കോണ്‍ഗ്രസ് എംഎൽഎ ഡി.കെ.ശിവകുമാറാണ് സന്പന്നൻമാരിൽ മുന്നിൽ. 2013ൽ 251 കോടിയായിരുന്ന ഇദ്ദേഹത്തിന്റെ ആസ്തി ഈ വർഷം 840 കോടിയായി വർധിച്ചു. അതായത് 588 കോടി രൂപയുടെ വർധനവ്.
മറ്റൊരു കോണ്‍ഗ്രസ് എംഎൽഎ എൻ.നാഗരാജുവിന്റെ ആസ്തിയിൽ 545 കോടിയുടെ വർധനവാണുണ്ടായത്. 2013ൽ 470 കോടിയായിരുന്ന നാഗരാജുവിന്റെ ആസ്തി അഞ്ചുവർഷത്തിനുശേഷം 1015 കോടി രൂപയായി വർധിച്ചു.
പ്രതിപക്ഷത്തായിരുന്നെങ്കിലും ബിജെപി എംഎൽഎമാരും ആസ്തി ഉയർത്തുന്നതിൽ ഒട്ടും പിന്നോട്ടു പോയില്ല. വീണ്ടും മത്സരിക്കുന്ന 49 ബിജെപി എംഎൽഎമാരുടെ ആസ്തിയിൽ 65 ശതമാനത്തിന്റെ ശരാശരി വർധനവാണു സംഭവിച്ചത്.
മിക്ക സ്ഥാനാർഥികളുടെയും 10 കോടിക്കടുത്ത വരുമാനം 17 കോടിയിലേക്ക് ഉയർന്നതായും എഡിആർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വീണ്ടും ജനവിധി തേടുന്ന 184 എംഎൽഎമാരിൽ 108 പേർ കോണ്‍ഗ്രസിൽനിന്നാണ്. 49 പേർ ബിജെപിയിൽനിന്നും 24 പേർ ജെഡിഎസിൽനിന്നു വീണ്ടും മത്സരിക്കുന്നു.