റാഞ്ചി: ഇസ്ലാം വിശ്വാസിയായ നിയമസഭാംഗത്തെക്കൊണ്ടു നിർബന്ധിച്ചു ‘ജയ് ശ്രീറാം’ വിളിപ്പിക്കാൻ രാമഭക്തനായ ബിജെപി മന്ത്രിയുടെ ശ്രമം.
ജാർഖണ്ഡിലെ നഗരവികസന മന്ത്രി സി.പി. സിംഗ് ആണ് കോൺഗ്രസ് എംഎൽഎ ഇർഫാൻ അൻസാരിയെ രാമഭക്തി പരസ്യമായി ‘വിളിച്ചുപറയാൻ’ നിർബന്ധിച്ചത്. നിയമസഭയ്ക്കു പുറത്ത്, ടെലിവിഷൻ കാമറകൾക്കു മുന്പിലായിരുന്നു മന്ത്രിയുടെ പ്രകടനമെന്നതിനാൽ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുകയായിരുന്നു. മന്ത്രിയും എംഎൽഎയും തമ്മിൽ പ്രശ്നത്തിൽ വാഗ്വാദത്തിലേർപ്പെടുന്നതും വീഡിയോദൃശ്യങ്ങളിലുണ്ട്.
‘ഇർഫാൻ ഭായി ഒരു തവണ ജയ് ശ്രീരാം വിളിക്കുന്നമെന്ന് എനിക്ക് ആഗ്രഹമുണ്ട്’ എന്നുപറഞ്ഞ് എംഎൽഎയുടെ കൈ മന്ത്രി സിംഗ് പിടിച്ചുയർത്തുകയായിരുന്നു. എംഎൽഎയുടെ മുൻഗാമികൾ രാമന്റെ ആളുകളായിരുന്നുവെന്നും അല്ലാതെ ബാബറിന്റെ ആളുകളല്ലെന്നും കാമറയെ നോക്കി സിംഗ് പറയുന്നുണ്ട്.
താങ്കൾക്ക് എന്നെ ഭീഷണിപ്പെടുത്താനാവില്ല എന്നായിരുന്നു ഇതിനുള്ള എംഎൽഎയുടെ പ്രതികരണം. രാജ്യത്തിന് ആവശ്യം തൊഴിലും വൈദ്യുതിയും വികസനവുമാണെന്നും മതത്തിന്റെ പേരിൽ രാഷ് ട്രീയം കളിക്കരുതെന്നും മന്ത്രിയെ അദ്ദേഹം ഓർമിപ്പിക്കുകയും ചെയ്തു. നിങ്ങളുടെ മുൻഗാമികൾ പോലും രാമനിലാണു വിശ്വസിക്കുന്നതെന്നായിരുന്നു എന്നായിരുന്നു മന്ത്രി ഇതിനു നൽകിയ മറുപടി.
നിർബന്ധപൂർവം ജയ്ശ്രീറാം വിളിക്കുന്നതിലെ ആശങ്കയറിയിച്ച് ചലച്ചിത്രസംവിധായകൻ അടൂർ ഗോപാലകൃഷ്ണനുൾപ്പെടെ 49 പ്രശസ്തർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു കഴിഞ്ഞ ദിവ സം കത്തെഴുതിയിരുന്നു. ഇതിന്റെ പേരിൽ സംഘപരിവാർ നേതാക്കൾ അടൂരിനെ ശക്തമായി വിമർശിക്കുകയും ചെയ്തു.