സ്വന്തം ലേഖകൻ
തൃശൂർ: എംഎൽഎ റോഡ് എന്നാൽ മാലിന്യം ലാവിഷായി എറിയാവുന്ന റോഡ് എന്നാണ് പൂർണരൂപം എന്ന് തോന്നിപ്പോകും പുഴയ്ക്കലിൽ നിന്നും മെഡിക്കൽ കോളജ്-കുറ്റൂർ ഭാഗത്തേക്കുള്ള എംഎൽഎ റോഡ് കണ്ടാൽ. ഒരു നല്ല വഴി എങ്ങിനെ ഒരു വഴിക്കാക്കാമെന്ന് വഴിപോക്കർ കാണിച്ചു തരുന്നു.
ഇരുഭാഗത്തും വിശാലമായ നെൽപാടങ്ങളുള്ള കുറ്റൂർ എംഎൽഎ റോഡ്് പ്രഭാത-സായാഹ്ന സവാരിക്കായി കാൽനടയാത്രക്കാർ ഏറെ ഇഷ്ടപ്പെടുന്ന വാഹനത്തിരക്കധികം ഇല്ലാത്ത റോഡുകളിലൊന്നാണ്. എന്നാൽ രാത്രിയിലും പുലർച്ചെയും ഈ വഴിയിൽ കൊണ്ടുവന്നു തള്ളുന്ന മാലിന്യക്കൂന്പാരത്താൽ എംഎൽഎ റോഡിലൂടെ വഴിനടക്കാൻ കഴിയാത്ത സ്ഥിതിയാണ്.
പരിസരത്ത് വീടുകളൊന്നുമില്ലാത്തതിനാൽ ആരും നോക്കാനോ തടയാനോ ഇല്ലാത്തത് മാലിന്യം വലിച്ചെറിയുന്നവർക്ക് ഏറെ സഹായകരമാണ്. എംഎൽഎ റോഡിലുള്ള സ്കൂളിലേക്കും മറ്റുമായി നിരവധി പേർ കടന്നുപോകുന്ന വഴിയാണിത്. രൂക്ഷമായ ദുർഗന്ധമാണ് ഇപ്പോൾ വഴിയരികിൽ നിന്നും പരക്കുന്നത്. മൂക്കുപൊത്തിയാണ് ഇതുവഴി കടന്നുപോകുന്നത്.
തൃശൂർ കോർപറേഷന്റെയും കോലഴി പഞ്ചായത്തിന്റെയും ഇടയിലുള്ള ഈ സ്ഥലത്ത് തള്ളുന്ന മാലിന്യങ്ങൾ കോലഴി പഞ്ചായത്ത് അധികൃതർ ഇടയ്ക്ക് നീക്കം ചെയ്യുന്നുണ്ടെങ്കിലും മാലിന്യം തള്ളുന്നത് തടയാൻ കഴിയുന്നില്ല. പോലീസിന്റെ നൈറ്റ് പട്രോളിംഗ് ഉണ്ടെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ചാണ് മാലിന്യം തള്ളൽ തുടരുന്നത്.
മാലിന്യക്കൂന്പാരത്തിലേക്ക് തെരുവുനായ്ക്കൾ എത്തുന്നതിനാൽ പ്രഭാത-സായാഹ്ന സവാരിക്കിറങ്ങുന്നവർക്ക് മാലിന്യത്തിന്റെ ദുർഗന്ധം മൂലവും തെരുവുനായ്ക്കളുടെ ആക്രമണഭീതിയും കാരണം ഈ വഴി നടക്കാൻ കഴിയാത്ത സ്ഥിതിയാണ്.