അടിമാലി: ദേവികുളം സബ്കളക്ടറെ പരസ്യമായി അവഹേളിച്ച് എംഎല്‍എ എസ്.രാജേന്ദ്രന്. മൂന്നാര്‍ പഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള അനധികൃത കെട്ടിട നിര്‍മാണം തടയാനെത്തിയവരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയ ശേഷമാണ് രാജേന്ദ്രന്റെ സബ് കളക്ടറെ അവഹേളിച്ചത്.പഞ്ചായത്തിന്റെ നിര്‍മാണങ്ങള്‍ തടയാന്‍ സബ് കലക്ടര്‍ക്ക് അധികാരമില്ലെന്ന് പറഞ്ഞായിരുന്നു എം.എല്‍.എയുടെ പ്രകടനം.’അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ? അവള് ബുദ്ധിയില്ലാത്തവള്… ഏതാണ്ട് ഐ.എ.എസ്. കിട്ടിയെന്ന് പറഞ്ഞ് കോപ്പുണ്ടാക്കാന്‍ വന്നിരിക്കുന്നു.. കളക്ടറാകാന്‍ വേണ്ടി മാത്രം പഠിച്ച് കളക്ടറായവര്‍ക്ക് ഇത്ര മാത്രമേ ബുദ്ധിയുണ്ടാകൂ.. ബില്‍ഡിങ് റൂള്‍സ് പഞ്ചായത്ത് വകുപ്പാണ്.., അവള്‍ക്ക് ഇടപെടാന്‍ യാതൊരു റൈറ്റുമില്ല… അവളുടെ പേരില്‍ കേസ് ഫയല്‍ ചെയ്യണം… ഇതൊരു ജനാധിപത്യരാജ്യമല്ലേ, ജനപ്രതിനിധികളുടെ നിര്‍ദേശം കേള്‍ക്കൂലെന്ന് പറഞ്ഞെന്നാ…’ ഇങ്ങനെ പോയി എം.എല്‍.എയുടെ അധിക്ഷേപം.
പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ പഴയ മൂന്നാറിലെ ബസ് സ്റ്റാന്‍ഡിലുള്ള സ്ഥലത്ത് ആവശ്യമായ റവന്യൂ രേഖകളില്ലാതെ ഒന്നരക്കോടിയോളം മുടക്കി കൂറ്റന്‍ കെട്ടിടം നിര്‍മ്മിക്കാനുള്ള നീക്കം തടഞ്ഞ് സബ് കലക്ടര്‍ ഡോ. രേണുരാജ് ഈ മാസം ആറിന് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് റവന്യൂ വിഭാഗത്തിന്റെ എന്‍.ഒ.സിയടക്കമുള്ള രേഖകള്‍ നേടിയ ശേഷം മാത്രമേ കെട്ടിട നിര്‍മ്മാണം നടത്താവൂ എന്ന നിര്‍ദ്ദേശവും നോട്ടീസിലുണ്ടായിരുന്നു. എന്നാല്‍, സബ് കലക്ടറുടെ സ്റ്റോപ്പ് മെമ്മോയുള്ളതിനാല്‍ ഏഴു ദിവസത്തിനകം കെട്ടിട നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നു കാണിച്ചുള്ള നോട്ടീസാണ് കരാറുകാരന് പഞ്ചായത്ത് സെക്രട്ടറി നല്‍കിയതെന്നും റവന്യൂ അധികൃതര്‍ പറയുന്നു.
സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില കല്‍പ്പിച്ച് വെള്ളിയാഴ്ച കെട്ടിടം നിര്‍മാണം നടക്കുന്നതറിഞ്ഞ് സ്പെഷല്‍ വില്ലേജ് ഓഫീസില്‍നിന്നും വീണ്ടും നിര്‍മ്മാണം തടയാനെത്തി. തുടര്‍ന്ന് വെള്ളിയാഴ്ച തന്നെ എം.എല്‍.എ എസ്. രാജേന്ദ്രന് അടക്കമുള്ള ജനപ്രതിനിധികള്‍ സബ് കലക്ടറെ സമീപിച്ചിരുന്നു. എന്നാല്‍, ഇവിടെ അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കാനാവില്ലെന്നും ജില്ലാ കലക്ടറെ സമീപിക്കാനും ആവശ്യപ്പെട്ട് ഇവരെ മടക്കിയിരുന്നു. തുടര്‍ന്നും നിര്‍മ്മാണം നിര്‍ത്താതെ വന്നതോടെയാണ് ഉച്ചയ്ക്ക് റവന്യൂ വിഭാഗത്തിലെ സ്പെഷ്യല്‍ ദൗത്യസംഘം തലവന്‍ വി.ടി. നടരാജന്, സി.കെ. ലിസന്‍, അഡീഷണല്‍ തഹസില്‍ദാര്‍ ഉമാശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിര്‍മാണം തടയാനെത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്. കറുപ്പസ്വാമി, ജില്ലാ പഞ്ചായത്തംഗം എസ്. വിജയകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ നേതൃത്വത്തില്‍ റവന്യൂ സംഘത്തെ തടഞ്ഞുവച്ച് നിര്‍മ്മാണം തുടര്‍ന്നു.
ഇതോടെ റവന്യൂ സംഘം മൂന്നാര്‍ പോലീസില്‍ സഹായം തേടിയെങ്കിലും അരമണിക്കൂറിനു ശേഷം എസ്.ഐ മാത്രമാണ് സ്ഥലത്തെത്തിയതെന്ന് റവന്യൂ അധികൃതര്‍ പറഞ്ഞു. ഇതിനിടെ സ്ഥലത്തെത്തിയ എംഎല്‍എയും കെട്ടിട നിര്‍മ്മാണത്തെ പിന്തുണച്ചു. ഫോണിലൂടെയും പരസ്യമായും എംഎല്‍എയടക്കമുള്ളവര്‍ സബ് കലക്ടറോട് മര്യാദ വിട്ട് സംസാരിച്ചതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. മൂന്നാര്‍ ഡിവൈഎസ്പിയുടെ ഓഫീസില്‍ അറിയിച്ചിട്ടും കൂടുതല്‍ സേനയെ വിട്ടുകിട്ടിയില്ല. ഇതോടെ നിസഹായരായി റവന്യൂ സംഘത്തിന് മടങ്ങേണ്ടി വന്നു. ചെയ്തു വന്നിരുന്ന വാര്‍ക്ക പൂര്‍ത്തിയാക്കിയ ശേഷമാണ് കരാറുകാരന്റെ നേതൃത്വത്തിലുള്ള തൊഴിലാളികളും പഞ്ചായത്ത് അധികൃതരും മടങ്ങിയത്.
ജില്ലാ കലക്ടര്‍, റവന്യൂ സെക്രട്ടറി എന്നിവര്‍ക്ക് വിവരങ്ങള്‍ കൈമാറിയതായും പഞ്ചായത്ത് അധികൃതര്‍ തന്നെ ഹൈക്കോടതി ഉത്തരവിന്റെ ലംഘനം നടത്തിയതിനാല്‍ കോടതിയില്‍ നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സബ് കലക്ടര്‍ ഡോ. രേണുരാജ് പറഞ്ഞു.കൊമേഴ്സ്യല്‍ കെട്ടിടങ്ങള്‍ക്ക് റവന്യൂ വകുപ്പിന്റെ എന്‍.ഒ.സിയില്ലാതെ നിര്‍മ്മാണം പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെയാണ് അനധികൃത നിര്‍മാണത്തിന്പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും കൂട്ടുനില്‍ക്കുന്നതെന്നും റവന്യൂ അധികൃതര്‍ ആരോപിച്ചു. പ്രളയകാലത്ത് വെള്ളംകയറിയ ഭാഗത്താണ് കൂറ്റന്‍ കെട്ടിടം പണിയുന്നത്.