കണ്ണൂർ: “അവരില്ലാതെ ഈ കുഞ്ഞുങ്ങളെക്കൊണ്ട് ഞാൻ എന്തു ചെയ്യും…?’ ആത്മഹത്യ ചെയ്ത പാർഥാസ് കൺവൻഷൻ സെന്ററിന്റെ ഉടമ സാജന്റെ ഭാര്യ ബീന യുഡിഎഫ് സംഘത്തിനു മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു. ആന്തൂർ നഗരസഭാധികൃതർ ഓരോ ദിവസവും ഓരോ കാരണങ്ങൾ പറഞ്ഞ് ഇപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. ഇനി എന്താണു ചെയ്യുകയെന്ന് പോലും എനിക്കറിയില്ല.
മതിയായി സാറെ. എത്ര പ്രാവശ്യമാണ് ഞങ്ങൾ ആന്തൂർ നഗരസഭയുടെ പടികൾ കയറിയിറങ്ങുന്നതെന്ന് സാജന്റെ ഭാര്യാപിതാവും കരഞ്ഞുകൊണ്ട് യുഡിഎഫ് സംഘത്തിനു മുന്നിൽ തിക്താനുഭവങ്ങൾ വിവരിച്ചു. ഫയർ ആൻഡ് സേഫ്റ്റി പോലും നൽകിയ സർട്ടിഫിക്കറ്റുകൾക്ക് പോലും വിലകല്പിക്കാതെ നഗരസഭ ഉടക്കുകയാണെന്ന് സാജന്റെ സഹോദരൻ ശ്രീജിത്തും പറഞ്ഞു.
സാജന്റെ ഭാര്യയെയും കുടുംബാംഗങ്ങളെയും യുഡിഎഫ് സംഘം ആശ്വസിപ്പിച്ചു. കൺവൻഷൻ സെന്ററിന് പ്രവർത്തനാനുമതി ലഭിക്കുംവരെ കേരളത്തിലെ ജനങ്ങളും യുഡിഎഫും കുടുംബാംഗങ്ങളോടൊപ്പം ഉണ്ടാകുമെന്നും തുടർന്നുള്ള കുടുംബത്തിന്റെ കാര്യങ്ങളിൽ യുഡിഎഫ് താങ്ങും തണലുമായി ഉണ്ടാകുമെന്നും സംഘാംഗമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു.
ഇവിടെയുണ്ടായ സംഭവം ഞങ്ങൾ നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട്. കൺവൻഷൻ സെന്ററിന് നന്പർ തരാതെ ഞങ്ങൾ പിറകോട്ടുപോകില്ല. നിസാര കാര്യങ്ങൾ പറഞ്ഞ് അനുമതി നിഷേധിക്കുന്ന ചെയർപേഴ്സണനെതിരേ നടപടിയുണ്ടാകണം. കുടുംബത്തിന് നീതി കിട്ടുംവരെ പോരാട്ടങ്ങളുമായി യുഡിഎഫ് ഉണ്ടാകുമെന്നും തിരുവഞ്ചൂർ പറഞ്ഞു.