ഞാന്‍ എംഎല്‍എയുടെ ഭാര്യ; ആ കെട്ടിടം ഒഴിപ്പിക്കരുത്..! കൈയേറിയ സ്ഥലം ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥരെ എംഎല്‍എയുടെ ഭാര്യ തടഞ്ഞു

mla

മൂന്നാര്‍: സര്‍ക്കാര്‍വക സ്ഥലം കൈയേറിയവര്‍ക്കെതിരെ നടപടിയെടുക്കാനെത്തിയ ഉദ്യോഗസ്ഥരെ എംഎല്‍എയുടെ ഭാര്യ തടയാന്‍ ശ്രമിച്ചത് ഉദ്യോഗസ്ഥരെ വലച്ചു. മൂന്നാറിലെ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം ഒഴിപ്പിക്കുന്നതിനിടയിലാണ് എസ്. രാജേന്ദ്രന്‍ എംഎല്‍എയുടെ ഭാര്യ ലത രാജേന്ദ്രന്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.

എംഎല്‍എയുടെ വസതിക്കടുത്ത സ്ഥലത്തുതന്നെയായിരുന്നു കൈയേറ്റങ്ങള്‍. മൂന്നാര്‍ ടൗണിനു സമീപത്തുതന്നെയുള്ള ഇക്കാനഗറിലായിരുന്നു സംഭവം. വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് ഇവിടെ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സര്‍വേ നമ്പര്‍ 62/9 ഉള്‍പ്പെടുന്ന സ്ഥലത്തെ നാലു കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ഉദ്യോഗസ്ഥരെത്തിയത്.

സിപിഎമ്മിന്റെ പ്രമുഖ നേതാക്കളെല്ലാം താമസിക്കുന്ന പ്രദേശമാണിത്. ഇവിടം കൈയേറിയ സെല്‍വരാജ്, വളര്‍മതി എന്നിവരെയാണ് ആദ്യം ഒഴിപ്പിച്ചത്. മുന്നറിയിപ്പില്ലാതെ ഒഴിപ്പിക്കാനെത്തി എന്ന ആരോപണം ഉന്നയിച്ച് കൈയേറ്റക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ തിരിഞ്ഞതോടെ സംഘം പോലീസിന്റെ സഹായം തേടുകയായിരുന്നു. കൈയേറ്റക്കാര്‍ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ തിരിയുകയും ചെയ്തതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു.

സംഘര്‍ത്തിനിടെ ഒഴിപ്പിക്കല്‍ സംഘത്തിലെ ഉദ്യോഗസ്ഥര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. ഇതോടെ സംഘം മടങ്ങിയെങ്കിലും സിഐ സാം ജോസ്. എസ്‌ഐ ജിതേഷ് ദേവികുളം സിഐ പ്രമോദ് എന്നിവരുടെ അകമ്പടിയോടെ സംഘം വീണ്ടുമെത്തുകയായിരുന്നു. എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കള്‍ താമസിക്കുന്ന ഈപ്രദേശം ദേവികുളം ഡിവിഷനിലെ മുഴുവന്‍ പോലീസ് സേനയെയും വിളിച്ചുവരുത്തിയാണ് ഒഴിപ്പിക്കല്‍ തുടര്‍ന്നത്. ഇതിനുസമീപംതന്നെ ഗിരിജ എന്ന വ്യക്തി കൈയേറി നിര്‍മിച്ച കെട്ടിടം ഒഴിപ്പിക്കുന്നതിനിടയിലാണ് എതിര്‍പ്പുമായി എംഎല്‍എയുടെ ഭാര്യ രംഗത്തെത്തിയത്. താന്‍ എംഎല്‍എയുടെ ഭാര്യയാണെന്നും ഈ കെട്ടിടം ഒഴിപ്പിക്കരുതെന്നും ഉദ്യോഗസ്ഥരോട് ഇവര്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ പോലീസിന്റെയും ഭൂസംരക്ഷണ സേനയുടെയും സഹായത്തോടെ കെട്ടിടം ഒഴിപ്പിക്കല്‍ നടപടി ഉദ്യോഗസ്ഥര്‍ തുടര്‍ന്നു. ഇതോടെ ഉദ്യോഗസ്ഥരോട് എംഎല്‍എയുടെ പത്‌നി ക്ഷോഭിച്ച് സംസാരിക്കുകയുംചെയ്തു. എന്നാല്‍ എതിര്‍പ്പ് വകവയ്ക്കാതെ നടപടി തുടര്‍ന്ന റവന്യൂ സംഘം കൈയേറ്റം നടത്തിയ നാലു വ്യക്തികളെയും ഇവിടെനിന്ന് ഒഴിപ്പിച്ചു.

പാര്‍ട്ടിയുടെ പിന്‍ബലത്തില്‍ ഭൂമി കൈവശപ്പെടുത്തുന്ന ഭൂമാഫിയകള്‍ ബിനാമികളുടെ പേരില്‍ കെട്ടിപ്പൊക്കുന്ന കെട്ടിടങ്ങള്‍ വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ വന്‍ തുകയ്ക്ക് മറിച്ചുവില്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇത്തരക്കാരെയെല്ലാം ഒഴിച്ചുനിര്‍ത്തി സാധാരണക്കാര്‍ക്കെതിരെ മാത്രമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

അഡീഷനല്‍ തഹസില്‍ദാര്‍ ഷൈജു പി. ജേക്കബ്, കെഡിഎച്ച് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.പി. രാജന്‍, എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ പി.വി. രാജന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഭൂസംരക്ഷണ സേനയുടെയും പോലീസിന്റെയും സഹായത്തോടെ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Related posts