തെരഞ്ഞടുപ്പ് വേളകളിൽ രാഷ്ട്രീയ പാർട്ടികൾ ജനങ്ങൾക്ക് വലിയ വാഗ്ദാനങ്ങൾ നൽകാറുണ്ട്. എന്നാൽ വോട്ട് ചോദിക്കുന്ന സമയം കാണിക്കുന്ന ഈ ആവേശം ജനങ്ങളുടെ ആവശ്യം നടത്തി നൽകുവാൻ അവർ കാണിക്കുന്നില്ലെന്നുള്ളതാണ് സത്യാവസ്ഥ. ഇപ്പോഴിത ജനങ്ങൾക്ക് പൊള്ളയായ വാഗ്ദാനങ്ങൾ നൽകിയ ജനപ്രതിനിധികൾക്ക് ജനങ്ങൾ തന്നെ നൽകിയ ശിക്ഷയാണ് ഏറെ ആശ്ചര്യകരമാകുന്നത്.
മെക്സിക്കോയിലെ ചെറിയ നഗരമായ ഹുയിക്സ്ടാനിലാണ് സംഭവം. തങ്ങൾക്ക് നൽകിയ വാഗ്ദാനം പാലിക്കാതിരുന്ന മുൻസിപ്പൽ മേയർ ജാവിർ സെബാസ്റ്റ്യൻ ജിമെനെസ് സാന്റിസിനെയും ട്രസ്റ്റി, ലൂയിസ് ടോണിനെയും പെണ് വേഷം ധരിപ്പിച്ച് നഗരത്തിലൂടെ നടത്തുകയാണ് ജനക്കൂട്ടം ചെയ്തത്.
ഇവിടെയുള്ള ജനങ്ങൾ കാലങ്ങളായി രൂക്ഷമായ ജലക്ഷാമം നേരിടുകയാണ്. തെരഞ്ഞെടുപ്പ് സമയം ഈ പ്രശ്നത്തിന് ഉറപ്പായും പരിഹാരമുണ്ടാക്കുമെന്ന് മത്സരാർത്ഥികളായ ഇവർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ അധികാരത്തിലേറി നാളുകൾ കഴിഞ്ഞിട്ടും ജലക്ഷാമത്തിന് പരിഹാരമുണ്ടാക്കാത്തതിൽ പ്രകോപിതരായ ജനക്കൂട്ടം ഇരുവരെയും പെണ്‍വേഷം ധരിപ്പിച്ച് നഗരത്തിലൂടെ നടത്തുകയും ഈ പ്രൊജക്ട് നടത്താനുള്ള പണം യാത്രക്കാരിൽ നിന്നും ഭിക്ഷയായി മേടിപ്പിക്കുകയുമായിരുന്നു.
പെണ്‍വേഷം ധരിപ്പിച്ച് തുടർച്ചയായി നാല് ദിവസങ്ങളാണ് ജനക്കൂട്ടം പൊതുനിരത്തിലൂടെ ഇവരെ നടത്തിച്ചത്. പ്രൊജക്ടിനാവശ്യമായ പണം മേയറും ട്രസ്റ്റിയും കൈപ്പറ്റിയിട്ടുണ്ടോയെന്നുള്ള അന്വേഷണത്തിലാണ് ജനങ്ങൾ ഇപ്പോൾ. സംഭവം ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു. പൊള്ളയായ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകുന്നവർക്കുള്ള ശിക്ഷ ജനക്കൂട്ടം തന്നെ നൽകണമെന്നാണ് അഭിപ്രായമുയരുന്നത്.