ഹൈദരാബാദ്: സ്കൂൾ ചടങ്ങിൽ ഉദ്ഘാടന അവസരം നഷ്ടമായതിന്റെ ദേഷ്യത്തിൽ പ്രധാനാധ്യാപകനെ ഭാരത് രാഷ്ട്ര സമിതി(ബിആർഎസ്) എംഎൽഎ മർദിച്ചു.
ഗഡ്വാൽ എംഎൽഎ കൃഷ്ണമോഹൻ റെഡ്ഡിയാണ് നഗർകർണൂൽ ബിസി വെൽഫേർ ഗുരുകുൽ സ്കൂൾ അധ്യാപകൻ വെങ്കട്ട് റെഡ്ഡിയെ മർദിച്ചത്.
ചൊവ്വാഴ്ച സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷമാണ് സംഭവം നടന്നത്. ഉദ്ഘാടകനായി നിശ്ചിയിച്ചിരുന്ന എംഎൽഎ പരിപാടിക്കെത്താൻ വൈകിയതോടെ വേദിയിൽ സന്നിഹിതനായിരുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങ് നിർവഹിച്ചു.
വൈകിയെത്തിയ എംഎൽഎ ഈ വിവരം അറിഞ്ഞതോടെ അധ്യാപകന്റെ മുഖത്ത് അടിക്കുകയും ഷർട്ടിൽ പിടിച്ച് കൊണ്ട് അസഭ്യവർഷം ചൊരിയുകയും ചെയ്തു.
ചടങ്ങിന്റെ സമയം തന്നോട് കൃത്യമായി പറഞ്ഞിരുന്നില്ലെന്നും അര മണിക്കൂർ വൈകിയെത്തിയാൽ മതിയെന്ന നിർദേശം നൽകി തന്നെ വഞ്ചിച്ചുവെന്നും എംഎൽഎ പിന്നീട് വിശദീകരണം നടത്തി.
സംഭവം വിവാദമായതോടെ എംഎൽഎയ്ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനകൾ സർക്കാരിന് പരാതി നൽകി.