ചെന്നൈ: അധികാരത്തിനു വേണ്ടിയുള്ള വടംവലി തമിഴ്നാട്ടില്‍ മുറുകുമ്പോള്‍ ശശികലയുടെ ക്യാമ്പില്‍ ഭിന്നത. ഒറ്റപ്പെട്ട കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുന്ന 129 എംഎല്‍എമാരില്‍ 30 പേര് ഉപവാസം ആരംഭിച്ചതായാണ് വിവരം. തങ്ങളുടെ സ്വാതന്ത്ര്യം നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഇവര്‍ ഉപവാസം ആരംഭിച്ചത്. എംഎല്‍എമാര്‍ എവിടെയാണെന്ന് അറിയിക്കാന്‍ മദ്രാസ് ഹൈക്കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.
ഡിഎംകെയില്‍ ചേരുമെന്ന് സൂചന നല്കിയ എംഎല്‍എമാരാണ് ഇപ്പോള്‍ ഉപവാസത്തിലേര്പ്പെട്ടിരിക്കുന്നത്. ഇവരില്‍ ചിലര്‍ പുറത്തുവിട്ട സെല്‍ഫികളിലൂടെയാണ് ഉപവാസസമരത്തേക്കുറിച്ച് പുറം ലോകത്തിന് അറിവുകിട്ടിയത്. ചെന്നൈ കല്പാക്കം പൂവത്തൂര്‍ റോഡില്‍ മഹാബലിപുരത്തിനു സമീപമാണു താമസിപ്പിച്ചിരിക്കുന്ന എംഎല്‍എമാര്‍ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.മൂന്നു ബസുകളിലായാണ് എംഎല്‍എമാരെ ഇവിടെ എത്തിച്ചത്. മാധ്യമപ്രവര്‍ത്തകരെ രണ്ടു കിലോമീറ്റര്‍ അകലെവച്ചു തന്നെ തടയുകയാണ്.
എംഎല്‍എമാരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും ഭൂരിപക്ഷം തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും ഒ.പനീര്‍സെല്‍വം നേരത്തേ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. തടഞ്ഞുവച്ചതാണെന്നു ഗവര്‍ണര്‍ക്കു ബോധ്യപ്പെട്ടാല്‍ മുഴുവന്‍ എംഎല്‍എമാരോടും നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെടാനിടയുണ്ട്. ഇങ്ങനെവന്നാല്‍ ശശികലയ്്ക്ക് ഇത്ു വന്‍തിരിച്ചടിയാകും. ഇതാണു പനീര്‍സെല്‍വം പക്ഷം ലക്ഷ്യമിടുന്നതും. ഭരിക്കാനാവശ്യമായ 117 അംഗങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ ശശികലയ്ക്കു കഴിയുമോ എന്നാണ് ഇനി കാണേണ്ടത്.