മലയാറ്റൂർ: കാടപ്പാറ വളളിയാംകുളം ഭാഗത്ത് ഇടമലയാർ കനാലിൽ വീണ മ്ലാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെയാണ് സമീപമുള്ള കോളനി നിവാസികൾ കനാലിലെ വെള്ളത്തിൽ വീണ മ്ലാവിനെ കണ്ടത്. തുടർന്ന് നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് ഒന്നര മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് കനാലിൽ നിന്നു മ്ലാവിനെ രക്ഷപ്പെടുത്തിയത്.
പതിനഞ്ച് അടിയോളം താഴ്ചയുളള ഇടമലയാർ കനാലിൽ നിന്നു മൂന്നര വയസ് പ്രായമുള്ള മ്ലാവിനെയാണ് രക്ഷപ്പെടുത്തിയതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷപ്പെടുത്തിയ മ്ലാവിനെ വനത്തിലേക്ക് അയച്ചു. കയറ് ഉപയോഗിച്ചു വലിച്ച് കയറ്റിയതിനാൽ കനാലിന്റെ വശങ്ങളിലെ കോണ്ക്രീറ്റിൽ ഉരഞ്ഞു മ്ലാവിന് പരിക്കേറ്റിരുന്നു.
തുടർന്ന് പ്രാഥമിക ചികിത്സ നൽകിയാണ് മ്ലാവിനെ ഉൾ വനത്തിലേക്കു അയച്ചത്. മലയാറ്റൂർ മേഖലയിൽ ഇടമലയാർ കനാലിലെ വിവിധ ഭാഗങ്ങളിൽ വന്യജീവികൾ വീഴുന്നത് പതിവാണ്. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാത്തതാണ് ഇതിനു പ്രധാന കാരണം. മൃഗങ്ങൾ കനാലിൽ വീണാൽ രക്ഷപ്പെടുത്തുക ദുഷ്കരമാണ്. കനാലിലെ വശങ്ങളിൽ പടവുകൾ ഇല്ലാത്തതിനാൽ കനാലിൽ ഇറങ്ങുവാനോ പിടിച്ചു കയറ്റുവാനോ സാധിക്കാറില്ലെന്ന് പ്രദേശവാസികൾ പറയുന്നു. ‘
പലപ്പോഴും അഗ്നിശമനസേനയുടെ സഹായത്തോടെ കയറും വലയും ഇറക്കിയാണ് മൃഗങ്ങളെ രക്ഷപ്പെടുത്താൻ സാധിക്കുകയുള്ളൂ. കഴിഞ്ഞ ദിവസം മലയാറ്റൂർ മണപ്പാട്ടുചിറയ്ക്കു സമീപം മ്ലാവ് കനാലിൽ വീണിരുന്നു. വന്യമൃഗങ്ങളും വെള്ളം കുടിക്കാൻ വനത്തിൽ നിന്നും പുറത്തേക്കു വരുന്പോഴാണ് സാധാരണയായി കനാലിൽ വീഴുന്നത്. മൃഗങ്ങൾ സ്ഥിരമായി കനാലിൽ വീഴുന്നതോടെ കനാലിന്റെ വശങ്ങളിൽ പടവുകൾ നിർമ്മിക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്.