അഗളി: കുടിവെള്ളം തേടിയെത്തി കുളത്തിൽ വീണ 80 കിലോ ഭാരംവരുന്ന മ്ളാവിനെ അഗളി ദ്രുതകർമസേന രക്ഷപ്പെടുത്തി. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ നാട്ടുകാരാണ് ഷോളയൂർ വയലൂരിലെ അർമുഖന്റെ ഇരുപപതടി താഴ്ചയുള്ള കുളത്തിൽ മ്ളാവ് മുങ്ങിത്താഴുന്നത് കണ്ടത്.
ഉടൻതന്നെ അഗളി കാട്ടാന ദ്രുതകർമവിഭാഗത്തെ വിവരം അറിയിക്കുകയും സേനാംഗങ്ങളെത്തി രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു. സേനയിലെ ഭരതൻ, സുരേന്ദ്രൻ എന്നിവർ കുളത്തിലിറങ്ങി അതിസാഹസികമായാണ് കാട്ടുമൃഗത്തെ കയറിൽ കുരുക്കി കരയിലെത്തിച്ചത്. സ്വതന്ത്രമായ നിമിഷം അത് കാട്ടിലേക്ക് ഓടിമറഞ്ഞു. സേനയിലെ ആന്റണി സ്വാമി, സെൽവൻ, ശിവൻ, വനംവാച്ചർമാരായ രാജു, സുനിൽ, എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.