കുളത്തൂപ്പുഴ: ചോഴിയക്കോട് വനമേഖലയില്‍ ഉള്‍പ്പെട്ട പ്രദേശത്ത് പുഴയിലിറങ്ങിയ മ്ലാവിനെ പ്രദേശവാസികളില്‍ ചിലര്‍ ചേര്‍ന്ന് വെള്ളത്തില്‍ മുക്കി കൊന്നതായി അഭ്യൂഹം പരന്നതോടെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
കഴിഞ്ഞ ദിവസം ഉച്ചയോടെ ചെന്നായയോ മറ്റോ ആക്രമിക്കാനോടിച്ചതിനെ തുടര്‍ന്ന് ചോഴിയക്കോടിനു സമീപം കല്ലടയാറ്റിലെ ജലാശയത്തിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിയിറങ്ങിയ മ്ലാവിനെ സംഭവ സമയം പുഴക്കരയിലുണ്ടായിരുന്ന യുവാക്കള്‍ വെള്ളത്തില്‍ ചാടിയിറങ്ങി നീന്തി പിടിച്ച് വെള്ളത്തില്‍ മുക്കി കൊന്നതായാണ് പ്രദേശത്ത് അഭ്യൂഹം പരന്നത്.
സംഭവം നേരില്‍ കണ്ട സമീപവാസികളാരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായും ഇതേ തുടര്‍ന്ന് സംഭവത്തിലുള്‍പ്പെട്ട യുവാക്കളുടെ വീടു പരിസരവും സമീപ പ്രദേശങ്ങളിലും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തെരച്ചില്‍ നടത്തിയെങ്കിലും സംഭവവുമായി ബന്ധപ്പെട്ട യാതൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് യുവാക്കളോട് സംഭവത്തെ കുറിച്ച് ചോദിച്ചുവെങ്കിലും വെള്ളത്തിലകപ്പെട്ട മ്ലാവിനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും തങ്ങള്‍ നീന്തി അടുത്തെത്തുമ്പോഴേക്കും അത് കരയിലേക്ക് ഓടിക്കയറി വനത്തിലേക്ക് കയറിപോയതായും പറഞ്ഞതായി നാട്ടുകാര്‍ പറഞ്ഞു.
മെബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ സംഭവം പൂര്‍ണ്ണമായി പകര്ത്താത്തതിനാല് പിന്നീടെന്തു സംഭവിച്ചുവെന്ന് വ്യക്തമായി തീരുമാനത്തിലെത്താന്‍ കഴിയാത്ത അവസ്ഥയില്‍ വനം വകുപ്പ് തെരച്ചില്‍ ഇപ്പോഴും തുടരുന്നതായാണ് സൂചനകള്‍.