കുളത്തുപ്പുഴ : കുളത്തുപ്പുഴ റേഞ്ച് ഓഫീസ് പരിധിയില്‍ വരുന്ന പൊന്മുടി വന മേഖലയില്‍ നിന്നും മ്ലാവിനെ വെടിവച്ചുകൊന്നു ഇറച്ചിയാക്കി സംഭവത്തില്‍ ഒളിവില്‍ പോയ എസ്ഐ അടക്കമുള്ള പോലീസുകാര്‍ക്കും പോസ്റ്റ് മാസ്റ്റര്ക്കുമായി അന്വേഷണം ഊര്‍ജിതമാക്കിയതായി വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.
പൊന്മുടി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ അയൂബ്, സിവില്‍ പോലീസ് ഓഫീസര്‍ രാജീവ്, പോലീസ് ഡ്രൈവര്‍ വിനോദ്, കൊല്ലയില്‍ പോസ്റ്റ്മാസ്റ്റര്‍ മനു എന്നിവരാണ് ഒളിവില്‍ ഉള്ളത്.അതെ സമയം തന്നെ പോലീസ് വാഹനത്തില്‍ യൂണിഫോമില്‍ എത്തിയാണ് അയൂബും സംഘവും മൃഗ വേട്ട നടത്തിയതെന്ന് തെളിഞ്ഞതോടെ പോലീസ് വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ തിരുവനന്തപുരം എസ് പി യുടെ അനുമതി തേടി വനം വകുപ്പ് കത്ത് നല്‍കിയിട്ടുണ്ട്. പോലീസ് വാഹനം ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്നാണ് സൂചന.
കഴിഞ്ഞ ഞായറാഴ്ചയാണ് ഗ്രേഡ് എസ് ഐ അയൂബും ഇയാളുടെ ബന്ധുക്കളും അടങ്ങുന്ന ഏഴംഗ സംഘം പൊന്മുടിയില് പോലീസ് ജീപ്പ് അടക്കം രണ്ടു വാഹനങ്ങളിലായി എത്തി മ്ലാവിനെ വെടിവച്ചു കൊന്നത്. വെടിവച്ച മ്ലാവിനെ ഇറച്ചിയാക്കി പോലീസ് ജീപ്പില്‍ തന്നെ വനം വകുപ്പ് ചെക്ക് പോസ്റ്റ് വഴി കടത്തുകയായിരുന്നു.
കേസില്‍ അയൂബിന്റെ ബന്ധുക്കളായ കുളത്തുപ്പുഴ മൈലമൂട് സ്വദേശികളായ സമീര്‍, സജീര്‍, വിതുര ആനപ്പെട്ടി സ്വദേശി നിഷാദ് എന്നിവരെ വനപാ ലകര്‍ പിടികൂടിയിരുന്നു. ഇവരെ റിമാന്റ് ചെയ്തു. കുളത്തുപ്പുഴ പാലോട് റേഞ്ച് ഓഫീസിലെ വനം വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ സംയുക്തമായിട്ടാണ് കേസ് അന്വേഷിക്കുന്നത്