കുളത്തുപ്പുഴ: കുളത്തുപ്പുഴ റേഞ്ച് ഓഫീസ് പരിധിയില്‍ വരുന്ന പൊന്മുടി വനഭാഗത്ത് മ്ലാവിനെ വെടിവച്ചുകൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ ഉള്‍പ്പെട്ട ഗ്രേഡ് എസ്ഐ ഉള്‍പ്പടെ മൂന്നുപേരെ സസ്പെൻഡ് ചെയ്തു. ഗ്രേഡ് എസ് ഐ അയൂബ്, സിവില്‍ പോലീസ് ഓഫീസര്‍ രാജീവ്, പോലീസ് ഡ്രൈവര്‍ വിനോദ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
ഇവർ ഒളിവിലാണ്. ഇവരുടെ സഹായിയായ പോസ്റ്റ്മാൻ മനുവും ഒളിവിലാണ്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി. കഴിഞ്ഞ ദിവസമാണ് പൊന്മുടി വനമേഖലയില്‍ അയൂബ് ഉള്‍പ്പടെ ഏഴംഗ സംഘം മൂന്നു തോക്കുകള്‍ ഉപയോഗിച്ച് മ്ലാവിനെ വേട്ടയാടിയത്. വെടിവച്ചുകൊന്ന മ്ലാവിനെ വനം വകുപ്പ് ചെക്ക്പോസ്റ്റ് വഴി പോലീസ് വാഹനത്തില്‍ തന്നെ പുറത്തെത്തിച്ചു പങ്കുവച്ചെടുത്തു.
കേസില്‍ കുളത്തുപ്പുഴ മൈലമൂട് സ്വദേശികളായ സജീര്‍, സമീര്‍, വിതുര സ്വദേശി നിഷാദ് എന്നിവരെ വനപാലകര്‍ പിടികൂടി. ഇവര്‍ എസ്ഐ അയൂബിന്റെ ബന്ധുക്കളാണ്. മടത്തറ കൊല്ലായില്‍ പോസ്റ്റ് മാസ്റ്റര്‍ മനു എന്നയാളാണ് പോലീസ് ജീപ്പില്‍ ഇരുന്നുകൊണ്ട് മ്ലാവിനെ വെടിവച്ചത്. പ്രതികൾ ഉടൻതന്നെ പിടിയിലാകുമെന്നാണ് സൂചന.