തെന്മല : മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കിയ സംഭവത്തില്‍ മൂന്നുപേര്‍ പിടിയില്‍. തെന്മല ശെന്തുരുണി വന്യജീവി സാങ്കേതത്തില്‍ ഉള്‍പ്പെടുന്ന കല്ലുവരമ്പ് സെക്ഷനിലെ കല്ലാര്‍ ഭാഗത്താണ് മൂന്നംഗ സംഘം മ്ലാവിനെ കൊന്നു ഇറച്ചിയാക്കിയത്.
ആര്യങ്കാവ് സ്വദേശി ഭരതന്, ചോഴിയക്കോട് സ്വദേശി സല്മാന്, കുമിള്‍ സ്വദേശി സതീഷ് എന്നിവരാണ് അറസ്റ്റിലായത്. എട്ടിന് വെെകുന്നേരത്തോടെയാണ് സംഭവം.
കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളായ മൂവര്‍ സംഘം വന്യമൃഗ വേട്ട നടത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് വാര്ഡന് സുധീറിന്റെ നേതൃത്വത്തില്‍ എത്തിയ വനപാലക സംഘം ഇവര്‍ താമസിച്ചിരുന്ന ലയത്തില്‍ നിന്നും മ്ലാവിറച്ചി കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വേട്ടയാടിയ മ്ലാവിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. പിന്നീടാണ് പ്രതികളായ ഭരതന് സല്മാന് സതീഷ് എന്നിവരെ പിടികൂടിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സെഷന് ഫോറസ്റ്റ് ഓഫീസര്‍ പി.എസ് ബിനു, ബീറ്റ് ഓഫീസര്‍മാരായ എം രാജേഷ്, ഡി പാര്‍വതി, എസ് ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.