പത്തനംതിട്ട: വനാതിര്‍ത്തിയിലെ മ്ലാവ് വേട്ട; ഇറച്ചി വാങ്ങിയവരെയും കുടുക്കാന്‍ വനംവകുപ്പ്. മ്ലാവിനെ പന്നി പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വില്പന നടത്തിയ നീലിപിലാവ് കോയിക്കലേത്ത് അംബുജാക്ഷന് (50), ചിറ്റാര്‍ തെക്കേകര പുളിമൂട്ടില്‍ രാജന്(62) എന്നിവരെ വടശേരിക്കര റേഞ്ച് ഓഫീസറും വനപാലക സംഘവും കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു.
കരിമാന്‍തോട് പൂച്ചക്കുളം വനമേഖലയോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ഇറങ്ങിയ മ്ലാവിനെയാണ് സംഘം പന്നിപ്പടക്കം ഉപയോഗിച്ച് കൊല്ലുകയും ജഡം കശാപ്പ് ചെയ്ത് ഇറച്ചി നാല് ചാക്കുകകളില്‍ ആക്കി കടത്തുകയും പിന്നീട് ചിറ്റാര്‍ മേഖലയില്‍ ഇറച്ചി വില്പന നടത്തിയെന്നുമാണ് കേസ്.
ഇവരില്‍ നിന്നും മ്ലാവ് ഇറച്ചി വാങ്ങിയവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരേയും നിയമ നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കശാപ്പ് ചെയ്തതിനുശേഷം വനത്തിനുള്ളിലെ തോടിന് സമീപം കുഴിച്ചിട്ടിരുന്ന മ്ലാവിന്റെ തലയും കാലും ഉള്‍പ്പെടുന്ന അവശിഷ്ടങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മേലേ പൂച്ചക്കുളം വനമേഖലയോടു ചേര്‍ന്ന് താമസിക്കുന്ന അനില്‍ കുമാറും ഇയാളുടെ രണ്ട് സുഹൃത്തുക്കളും കൂടി സംഭവത്തില്‍ ഉള്‍പ്പെട്ടതായി വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായും വടശേരിക്കര റേഞ്ച് ഓഫീസര്‍ കെ.വി. രതീഷ് അറിയിച്ചു. നേരത്തെയും മൃഗവേട്ട കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് അനില്‍ കുമാര്‍.