കള്ളപ്പണത്തിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയില്‍ പലരും പാടുപെടുകയാണ്. 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം മുതലാക്കാന്‍ ഇറങ്ങിയിരിക്കുകയാണ് ചില മലയാളി വിരുതന്മാര്‍. പലവിധത്തിലാണ് തട്ടിപ്പുകാര്‍ ഇറങ്ങിയിരിക്കുന്നത്. മലബാര്‍ ഭാഗത്തുള്ള തട്ടിപ്പുകാരുടെ രീതി ഇങ്ങനെ- 500 രൂപയ്ക്ക് ചില്ലറ നല്കാമെന്ന രീതിയില്‍ ഏജന്റുമാര്‍ ആളുകളെ സമീപിക്കും. പ്രധാനമായും അന്യസംസ്ഥാന തൊഴിലാളികളാണ് വിരുതന്മാരുടെ ഇരകള്‍. 500 രൂപ ഇവര്‍ ചില്ലറയായി കൊടുക്കും. പക്ഷേ തിരികെ നല്കുന്നത് വെറും 400 രൂപമാത്രം. 100 രൂപ കമ്മീഷന്‍. ദൈനംദിന ആവശ്യങ്ങള്‍ക്ക് ചില്ലറ വേണ്ടതിനാല്‍ പലരും ഇവരുടെ കെണിയില്‍ കുടുങ്ങുകയും ചെയ്യുന്നു.
പലരും പെട്രോള്‍ അടിച്ചാണ് 500 രൂപ മാറ്റുന്നത്. പമ്പുകളില്‍ ക്യൂ വര്‍ധിച്ചതോടെ പല പമ്പുകാരും നോട്ടീസ് പതിപ്പിച്ചുകഴിഞ്ഞു. 500 രൂപയ്ക്ക് ഇന്ധം നിറയ്ക്കുകയാണെങ്കില്‍ മാത്രം പണം സ്വീകരിക്കും. 100, 200 രൂപയ്‌ക്കൊപ്പം ഇന്ധനമടിച്ചിരുന്നവര്‍ക്ക് ഇത് ഇരുട്ടടിയായി. മില്‍മയില്‍ പാല്‍ വാങ്ങിക്കാന്‍ വരുന്നവര്‍ പലരും വലിയ നോട്ടുകള്‍ കൊണ്ടുവന്നതോടെ പലയിടത്തും കൂടുതല്‍ പാല്‍ വാങ്ങിയാലേ നോട്ടുകള്‍ സ്വീകരിക്കൂവെന്ന ബോര്‍ഡും പ്രത്യക്ഷപ്പെട്ടു.
അതേസമയം, കള്ളപ്പണത്തിനെതിരേ മോദി സര്‍ക്കാരിന്റെ നടപടിക്ക് പരക്കെ സ്വീകര്യതയാണ് ലഭിച്ചത്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്, സാനിയ മിര്‍സ, സൈന നെഹ്‌വാള്‍, വിരാട് കോഹ്‌ലി, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയവരെല്ലാം നടപടിക്ക് പരസ്യപിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.