കൊച്ചി: കൊച്ചി അമൃത ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെ ഇരുകൈകളും മാറ്റിവച്ച അഫ്ഗാനിസ്ഥാൻ പട്ടാളക്കാരനായ അബ്ദുൾ റഹിമിന് കാബൂളിലുണ്ടായ ബോംബ് സ്ഫോടനത്തിൽ വീരമൃത്യു.
ശരിക്കും ധീരനായിരുന്നു അബ്ദുൾ റഹിം. കഴിഞ്ഞ 19നായിരുന്നു സംഭവം. 2012 ഏപ്രിലിൽ കാണ്ഡഹാറിലുണ്ടായ സ്ഫോടനത്തിൽ അദ്ദേഹത്തിന്റെ ഇരുകൈകളും നഷ്ടപ്പെട്ടിരുന്നു.
മൂന്നു വർഷത്തിനുശേഷം 2015ൽ അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ ഇരുകൈകളും മാറ്റിവച്ചു.
കൊച്ചിയിൽ വാഹനാപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച അൻപത്തിനാലുകാരൻ ടി.ജി. ജോസഫിന്റെ കൈകളാണു മണിക്കൂറുകൾ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ അബ്ദുൾ റഹിമിൽ വച്ചുപിടിപ്പിച്ചത്.
ഏറെനാൾ ആശുപത്രിയിൽ കഴിഞ്ഞ ഇദ്ദേഹം തുന്നിച്ചേർത്ത കൈകൾ ചലിപ്പിക്കാനായശേഷം ആശുപത്രി വിടുകയായിരുന്നു.
ആശുപത്രിവാസത്തിനിടയിലും തന്റെ രാജ്യത്തെ സേവിക്കണമെന്ന ആഗ്രഹം വച്ചുപുലർത്തിയിരുന്ന അബ്ദുൾ റഹിം തിരികെ അഫ്ഗാനിസ്ഥാനിൽ എത്തിയ ശേഷം വീണ്ടും സേനയുടെ ഭാഗമായി. അടുത്തിടെ മേജറായി പ്രമോഷൻ ലഭിക്കുകയും ചെയ്തിരുന്നു.