മലപ്പുറം: കളവുപോയതോ അല്ലെങ്കിൽ നഷ്ടപ്പെട്ടതോ ആയ മൊബൈൽ ഫോണുകൾ, വാഹനങ്ങൾ, ലാപ്ടോപ്പുകൾ തുടങ്ങിയവയുടെയും അവകാശികളില്ലാതെ കാണപ്പെടുന്ന ഇത്തരം സാധനങ്ങളുടെയും വിവരങ്ങൾ മലപ്പുറം ജില്ലാ പോലീസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നു അധികൃതർ അറിയിച്ചു. ഇതേക്കുറിച്ചു പൊതുജനങ്ങൾക്കു നേരിട്ടു വിവരം നൽകാം.
[email protected] എന്ന ഇമെയിലിലേക്കു വിവരങ്ങൾ നൽകണം. ഇമെയിൽ ചെയ്യുന്പോൾ പരാതി ഏതു പോലീസ് സ്റ്റേഷനിൽ സമർപ്പിച്ചു, പരാതി നൽകിയതിനു ലഭിച്ച രശീതി നന്പർ, നഷ്ടപ്പെട്ടതോ അവകാശികളില്ലാതെ കാണപ്പെട്ടതോ ആയ മൊബൈൽ ഫോണ് ആണെങ്കിൽ അതിന്റെ ഐഎംഇഐ നന്പറുകളും വാഹനം ആണെങ്കിൽ രജിസ്റ്റർ നന്പർ, ചേസിസ് നന്പർ തുടങ്ങിയവയും ലാപ്ടോപ്പ് പോലെയുള്ളവയാണെങ്കിൽ കന്പനി പേര്, സീരിയൽ നന്പർ തുടങ്ങിയവയും ചേർത്താണ് മെയിൽ ചെയ്യേണ്ടത്.
ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളും പോലീസ് സ്റ്റേഷനിൽ നിന്നു ലഭിക്കുന്ന വിവരങ്ങളും വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഒരു സെക്കൻഡ് ഹാൻഡ് മൊബൈൽ ഫോണ്, വാഹനം, ലാപ്ടോപ്പ് തുടങ്ങിയവ വിൽക്കപ്പെടുന്പോഴും വാങ്ങുന്പോഴും അല്ലെങ്കിൽ അവകാശികളില്ലാതെ കാണപ്പെടുന്പോഴും അതു നഷ്ടപ്പെട്ടതോ കളവു പോയതോ ആണോയെന്നു പരിശോധിക്കാനും അതു സംബന്ധിച്ച് പോലീസിനു വിവരം നൽകാൻ ആളുകൾക്കു കഴിയുമെന്നതാണ് ഇതിന്റെ നേട്ടം. ഇങ്ങനെയൊരു സൗകര്യം നിലവിലില്ലാത്തതിനാൽ ഒട്ടേറെ പേർ അബദ്ധങ്ങളിൽ പെടാറുണ്ട്. അതൊഴിവാക്കുകയാണ് ലക്ഷ്യം.
malappurampolice.gov.in എന്ന ലിങ്കിൽ പൊതുജനങ്ങൾക്ക് ഈ വിവരങ്ങൾ ലഭ്യമാക്കുന്നതാണ്.