തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സ്പെഷ്യൽ ലെയ്സണ്‍ ഓഫീസറായി വൻശന്പളത്തിൽ എ. വേലപ്പൻ നായരെ നിയമിച്ചത് സ്വജനപക്ഷപാതവും അഴിമതിയുമാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് എം.എം.ഹസ്സൻ.
ഈ സർക്കാർ അധികാരത്തിൽ വന്ന നാൾ മുതൽ സിപിഎം അനുഭാവികളെയും സഹയാത്രികരെയും ആവശ്യമില്ലാത്ത തസ്തികകൾ ഉണ്ടാക്കി കുടിയിരുത്തി പൊതുഖജനാവിലെ പണം ധൂർത്തടിയ്ക്കുകയാണെന്ന് എം.എം. ഹസ്സൻ രാഷ്ട്രദീപികയോട് പറഞ്ഞു. സർക്കാരിന്റെ കേസുകളുടെ നടത്തിപ്പിന് വേണ്ടിയാണ് ലെയ്സണ്‍ ഓഫീസറായി വേലപ്പൻ നായരെ പ്രതിമാസം 1.10 ലക്ഷം രൂപ ശന്പളം നൽകി നിയമിച്ചിരിക്കുന്നത്.
കേസുകൾ നടത്താൻ അഡ്വക്കേറ്റ് ജനറൽമാരും ധാരാളം പ്ലീഡർമാരും ഉള്ളപ്പോഴാണ് അനാവശ്യമായ ഈ നിയമനമെന്നും ഹസ്സൻ പറഞ്ഞു. കേസിന്റെ കാര്യങ്ങൾ നടത്തിപ്പിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു അംഗത്തിനെ ചുമതലപ്പെടുത്താമെന്നിരിക്കെയാണ് അനാവശ്യമായ ഈ നിയമനമെന്നും ഹസ്സൻ വ്യക്തമാക്കി.
വേലപ്പൻ നായരുടെ നിയമനം റദ്ദാക്കണം. മുഖ്യമന്ത്രിയുടെ ഉപദേശകരുടെയും പേഴ്സണൽ സ്റ്റാഫിന്റെയും ശന്പളയിനത്തിൽ തന്നെ വലിയൊരു തുകയാണ് ഖജനാവിൽ നിന്നും നഷ്ടമാകുന്നത്. ഒരു മുഖ്യമന്ത്രിക്കും കേരളചരിത്രത്തിൽ ഇത്രയും ഉപദേശകർ ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പിൽ തോറ്റയാളെ ക്യാബിനറ്റ് പദവി നൽകി ഡൽഹി കേരള ഹൗസിലെ ലെയ്സണ്‍ ഓഫീസറായി നിയമിച്ചതും ഒട്ടും ശരിയല്ലെന്നും ഇതെല്ലാം പൊതുഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമാണെന്നും എം.എം. ഹസ്സൻ വ്യക്തമാക്കി.
സംസ്ഥാന സർക്കാർ കക്ഷിയായുള്ള കേസുകളുടെ മേൽനോട്ടത്തിനാണ് സ്പെഷൽ ലെയ്സൺ ഓഫീസറായി എ.വേലപ്പൻ നായരെ നിയമിച്ചത്. 1.10 ലക്ഷം രൂപയാണ് ശന്പളം