തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത്തുമുന്നണിയും ബിജെപിയും വർഗീയ ധ്രുവീകരണം നടത്തിയാണ് വോട്ടു പിടിച്ചതെന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ. കേരള സർക്കാരിന്റെ അഴിമതിക്കെതിരെ രംഗത്തു വരും.
സോളാർ കേസുകൾ സിബിഐക്ക് വിട്ടതിലൂടെ മാർക്സിസ്റ്റ് പാർട്ടിയും ബിജെപിയും തമ്മിൽ ഉള്ള രഹസ്യ ബന്ധത്തിന്റെ അന്തർധാര വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിപ്പബ്ലിക് ദിനത്തിൽ കെപിസിസി സംഘടിപ്പിക്കുന്ന എന്റെ ബൂത്ത് എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു എം.എം. ഹസൻ.
തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ തിരിച്ചടിക്ക് കാരണം സംഘടനാ ദൗർബല്യമാണ്. സംഘടനാ ദൗർബല്യം മാറ്റാനാണ് ബൂത്ത് തലത്തിലെ പ്രവർത്തനങ്ങളെ സജീവമാക്കുന്നതെന്നും ഹസൻ പറഞ്ഞു.
കോൺഗ്രസിൽ എല്ലാവരും നേതാക്കളാണ്. എന്നാൽ നേതാക്കൾ ആരും അവരുടെ സ്ഥാനങ്ങളോട് നീതി പുലർത്തിയില്ല. യുഡിഎഫിന്റെ ജനകീയ അടിത്തറ ഇതുവരെ തകർന്നിട്ടില്ല. ജനകീയ കോടതിക്ക് മുന്നിലേക്കാണ് യുഡിഎഫ് പോവുന്നത്.
സോളാർ കേസിൽ നിയമനടപടിക്ക് പാർട്ടിയില്ല. ഈ നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ച് കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.