തിരുവനന്തപുരം: കോൺഗ്രസിന്റെ ഐശ്വര്യ കേരളയാത്രയോടനുബന്ധിച്ച് പാർട്ടി പത്രത്തിലെ സപ്ലിമെന്റിലെ ആദരാഞ്ജലി പ്രയോഗം വിവാദമായ സാഹചര്യത്തിൽ വിശദീകരണം ലഭിച്ചശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവും യുഡിഎഫ് കണ്‍വീനറുമായ എം.എം.ഹസൻ.
ഇത് സംബന്ധിച്ച് കെപിസിസി വീക്ഷണം മാനേജ്മെന്റിനോട് വിശദീകരണം തേടിയിട്ടുണ്ട്. വീക്ഷണം എംഡി ജെയ്സണ്‍ ജോസഫ് ജീവനക്കാരോടും വിശദീകരണം തേടിയിട്ടുണ്ട്.
ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് ലഭിച്ച ശേഷം ഉത്തരവാദികൾക്കെതിരേ നടപടി സ്വീകരിക്കുമെന്ന് എം.എം ഹസൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ഐശ്വര്യ കേരളയാത്രക്ക് ആശംസകൾ അർപ്പിച്ച് കൊണ്ട് വീക്ഷണം പത്രം കഴിഞ്ഞ ദിവസം പുറത്തിറക്കിയ സപ്ലിമെന്റിലാണ് ആശംസകൾക്ക് പകരം ആദരാഞ്ജലികൾ എന്ന് പ്രിന്റ് ചെയ്ത് വന്നത്.
പത്ര വിതരണം നടത്തിയ ശേഷമാണ് തെറ്റ് പല നേതാക്കളും കണ്ടത്. സംഭവം വിവാദമാകുകയും ഇത് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്ന വിധത്തിൽ പ്രചാരണം ഉണ്ടാവുകയും ചെയ്തു.
ഐശ്വര്യ കേരളയാത്രയുടെ ശോഭ കെടുത്തുന്ന നടപടിയായിപ്പോയി വീക്ഷണത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് കോണ്‍ഗ്രസിലെ പല നേതാക്കളും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.