തൃശൂർ: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോയാൽ അതു പിണറായി സർക്കാരിന്റെ മരണമണി മുഴക്കമായിരിക്കുമെന്നു ജനശ്രീ സംസ്ഥാന ചെയർമാൻ എം.എം. ഹസൻ.പരിസ്ഥിതിക്ക് അനുസൃതമായ വികസനം മാത്രമാണ് സുസ്ഥിര വികസനം. എതിർപ്പുകൾ വകവയ്ക്കാതെ പദ്ധതി നടത്തിയേ തീരൂവെന്ന നിർബന്ധം ഒരു കാരണവശാലും സർക്കാർ സ്വീകരിക്കരുതെന്നാണ് ജനങ്ങളുടെ ഭാഗത്തു നിന്നുകൊണ്ടുള്ള ജനശ്രീയുടെ ആവശ്യം.
പരിസ്ഥിതിയേയും ആവാസ വ്യവസ്ഥയേയും തകർക്കുകയും ചാലക്കുടിപ്പുഴയെ ഊറ്റുകയും ചെയ്യുന്ന പദ്ധതിയുമായി മുന്നോട്ടു പോകുമെന്നാണ് വൈദ്യുതിമന്ത്രി എം.എം.മണി പ്രഖ്യാപിച്ചത്. ഇതിനു മന്ത്രി തയാറായാൽ സർവശക്തിയുമെടുത്ത് ചെറുക്കാനുള്ള ചുമതല നമുക്കോരോരുത്തർക്കുമുണ്ട്. ഇതിനെ രാഷ്ട്രീയമായി കാണരുതെന്നും ഹസൻ പറഞ്ഞു.
ജനശ്രീ മിഷൻ പത്താം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും ജില്ലാ ക്യാന്പും അരണാട്ടുകര ടാഗോർ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഹസൻ. ജില്ലാ ചെയർമാൻ ഒ.അബ്ദുറഹ്മാൻകുട്ടി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ടി.എൻ.പ്രതാപൻ മുഖ്യാതിഥിയായി. ജനശ്രീ മിഷൻ സെക്രട്ടറി ഡോ.ബി.എസ്.ബാലചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.