തിരുവനന്തപുരം: സിപിഎമ്മിനുള്ളിൽ ബിജെപിയുടെ ബി ടീം പ്രവർത്തിക്കുന്നു എന്നുള്ള തന്റെ വിലയിരുത്തൽ നൂറുശതമാനം ശരിയാണെന്നു തെളിയിക്കുന്നതാണു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരസ്യ പ്രസ്താവനയെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ.
തന്നെ കോണ്ഗ്രസ് അനുകൂലികളെന്നു സിപിഎമ്മിലെ ഒരു വിഭാഗം ആക്ഷേപിക്കുന്പോൾ അവരെ ബിജെപി അനുകൂലികളെന്നു വിളിക്കേണ്ടി വരുമെന്നാണു യെച്ചൂരി പറയുന്നത്. സിപിഎമ്മിലെ ബഹുഭൂരിപക്ഷം പേരും ബിജെപി അനുകൂലികളാണെന്ന് സിപിഎം ജനറൽ സെക്രട്ടറി തന്നെ വെളിപ്പെടുത്തിയതു രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികളെ ഞെട്ടിപ്പിക്കുന്നതാണ്.
ബിജെപിയെയും സംഘപരിവാറിനെയും പ്രീണിപ്പിക്കുന്നതിനു വേണ്ടിയാണ് വിശാല ജനാധിപത്യമുന്നേറ്റത്തിനു സിപിഎമ്മിലെ കാരാട്ട് പക്ഷം ഇടങ്കോലിടുതെന്ന സത്യം ഓരോ ദിവസം കഴിയുംന്തോറും മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
ഇതിനെല്ലാം പ്രകാശ് കാരാട്ടിന്റെ പിന്നിൽ ശക്തമായ പിന്തുണ നൽകി പാറപോലെ ഉറച്ചുനിൽക്കുന്നതു പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻപിള്ള തുടങ്ങിയ കേരളത്തിലെ സിപിഎം നേതാക്കളാണ്. ഇവരുടെ വർഗീയ വിരുദ്ധ പ്രഖ്യാപനങ്ങൾ വെറും അഭിനയമാണെന്നു മതേതര ബോധ്യമായെന്നും ഹസൻ പറഞ്ഞു.