ചവറ: രാജ്യത്തെ ദളിതർക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾക്ക് ഉത്തരം പറയാൻ കോൺഗ്രസും ബിജെപിയും തയാറാകണമെന്ന് മന്ത്രി എം എം മണി. ചവറ തെക്കുംഭാഗം കേളി കൃഷ്ണൻകുട്ടി പിള്ളയുടെ ഒന്പതാമത് ചരമവാർഷിക അനുസ്മരണവും ഗ്രന്ഥശാല വാർഷികവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
തെരുവുനായകൾക്ക് രക്ഷയൊരുക്കുന്ന മോദി സർക്കാർ മനുഷ്യന്റെ സംരക്ഷണത്തിന് വില കൊടുക്കുന്നില്ല. വർഗീയ ലഹളയുടെ കേന്ദ്രമാക്കി ഇന്ത്യാ രാജ്യത്തെ കേന്ദ്ര ഭരണാധികാരികൾ മാറ്റി. ഉത്തരേന്ത്യയിൽ ദളിതരെ തല്ലി കൊല്ലുകയാണ്. ഇറച്ചി കഴിക്കുന്നതിന്റെ പേരിൽ സംഘപരിവാർ രാജ്യത്തെ ജനങ്ങളെയാകെ ആക്രമിക്കുകയാണ്.
എല്ലാ വിഭാഗം ജനങ്ങൾക്കും സംരക്ഷണമൊരുക്കുന്ന രാജ്യത്തെയൊരെയൊരു സർക്കാർ കേരളത്തിലെ എൽഡിഎഫ് സർക്കാരാണ്. രാജ്യത്തെ വികസനങ്ങൾക്ക് മികച്ച സംഭാവന നൽകിയ സംസ്ഥാനമാണിത്. പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ അവസരം കൊടുക്കാതെ ജനാധിപത്യത്തിന്റെ കടയ്ക്കൽ കത്തി വെയ്ക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.
ജോലി സ്ഥിരതയില്ലാതാക്കി തൊഴിലാളികൾക്കെതിരായി പുതിയ നയം നടപ്പിലാക്കുകയാണ് മോദിയുടെ ഗവൺമെന്റ്. രാജ്യത്ത് രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുമെന്ന് പറഞ്ഞ മോദി യുവാക്കളെയാകെ വഞ്ചിച്ചു.
ലക്ഷകണക്കിന് കർഷകർ ആത്മഹത്യ ചെയ്യുകയാണ്. കർഷകർക്കായി യാതൊന്നും നടപ്പിലാക്കാത്ത സർക്കാരിനെതിരായി മഹാരാഷ്ട്രയിൽ കർഷകരുടെ പുതിയതരം സമരത്തെയാണ് സർക്കാരിന് നേരിടേണ്ടിവന്നത്. ഇത്തരം സമരമുറകൾ കർഷകർ രാജ്യത്താകമാനം നടത്തുന്നു. ഇന്ത്യൻ ജൂഡീഷ്യറിയെപ്പോലും വരുതിയിലാക്കാൻ ആർഎസ്എസ് ശ്രമിക്കുകയാണന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ കേളി കലാക്ഷേത്രം പ്രസിഡന്റ് ടി.എൻ. നീലാംബരൻ അധ്യക്ഷത വഹിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി ആർ സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന കൃഷ്ണൻകുട്ടിപിള്ളയുടെ അനുസ്മരണ പ്രഭാഷണം ഏരിയാ സെക്രട്ടറി ടി മനോഹരൻ നടത്തി.
ഈ വർഷത്തെ ക്യഷ്ണൻകുട്ടി പിള്ള സാംസ്കാരിക അവാർഡിന് അർഹനായ സാംസ്കാരിക പ്രവർത്തകനും സാഹിത്യ അക്കാദമി അംഗവുമായ ഡോ.സി ഉണ്ണികൃഷ്ണനും മികച്ച ഗ്രന്ഥശാലാ പ്രവർത്തകനുള്ള അവാർഡ് കൊല്ലം ജില്ലാ ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് പി.ചന്ദ്രശേഖരപിള്ളയ്ക്കും മന്ത്രി സമ്മാനിച്ചു.
രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ കഴിവ് തെളിയിച്ചവരേയും മന്ത്രി ആദരിച്ചു. ഭക്ഷ്യധാന്യ വിതരണോദ്ഘാടനം സംസ്ഥാന യുവജ കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോമും കേളി ഗ്രന്ഥശാലയുടെ ആദരവ് ഏരിയാ സെക്രട്ടറി ടി മനോഹരനും നിർവഹിച്ചു.
യോഗത്തിൽ എൻ. വിജയൻപിള്ള എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് പി അനിൽകുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പ്രദീപകുമാരൻ പിള്ള, കാഥികൻ ഡോ. വസന്തകുമാർ സാംബശിവൻ, കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ, ആനന്ദവല്ലി പിള്ള, ഗ്രന്ഥശാല പ്രസിഡന്റ് വി എം രാജമോഹൻ എന്നിവർ പ്രസംഗിച്ചു.